കേരളം

kerala

ETV Bharat / state

പാലാരിവട്ടം മേല്‍പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി - പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസ്

പ്രതികൾക്ക് ജാമ്യം നൽകിയാൽ തുടർഅന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു

പാലാരിവട്ടം മേല്‍പാലം അഴിമതി

By

Published : Sep 7, 2019, 6:23 PM IST

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ്​ കോടതി തള്ളി. പൊതുമരാമത്ത്​ മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, നിര്‍മാണത്തിന്​ കരാറെടുത്ത ആര്‍.ഡി.എസ്​ പ്രോജക്​ട്​സ്​ കമ്പനി മാനേജിങ്​ ഡയറക്​ടര്‍ സുമിത്​ ഗോയല്‍, കിറ്റ്​കോ മുന്‍ മാനേജിങ്​ ഡയറക്​ടര്‍ ബെന്നി പോള്‍, റോഡ്​സ്​ ആന്‍ഡ്​​ ബ്രിഡ്​ജസ്​ ഡെവലപ്​മെന്‍റ് കോര്‍പറേഷന്‍ മുൻ അസി. ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്.

ഗൂഢാലോചന കുറ്റമുൾപ്പടെയുള്ളവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന നടത്തിയ പ്രതികളിൽ പലരെയും അറസ്റ്റ് ചെയ്യാനുള്ളതിനാൽ, ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ തുടർ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ നാല് പ്രതികളെയും ഈ മാസം 19വരെ മുവാറ്റുപുഴ വിജിലൻസ് കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു.

വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകളാണ് പ്രതികൾക്ക്മേൽ ചുമത്തിയിരുന്നത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ടി.ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. ആ കാലത്താണ് പാലത്തിന് കരാർ നൽകിയത്. എന്നാൽ, താൻ നിരപരാധിയാണെന്നും മന്ത്രിസഭാ തീരുമാനമനുസരിച്ച് ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്‌തതെന്നും സൂരജ് പറഞ്ഞിരുന്നു. സർക്കാർ അനുവദിച്ച 42 കോടി രൂപ പാലത്തിന്‍റെ നിർമാണത്തിനായി ചെലവഴിച്ചില്ല. കുറഞ്ഞ ചെലവിൽ പാലം നിർമിക്കാനായി ഡിസൈൻ ഉൾപ്പടെയുള്ളവ മാറ്റിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 30 കോടിയോളം രൂപ മാത്രമാണ് പാലത്തിന്‍റെ നിർമാണത്തിനായി ചെലവഴിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനേയും വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു. ദേശീയപാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്‍റ് ബ്രിഡ്‌ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പാലത്തിന്‍റെ നിര്‍മാണ ചുമതല നൽകിയത്.

ABOUT THE AUTHOR

...view details