കൊച്ചി: ഡിഎംആർസി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരനോടൊപ്പം തിങ്കളാഴ‌്ച പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ബലക്ഷയം പരിശോധിക്കാനെത്തുന്ന സംഘത്തിൽ പ്രൊഫ. മഹേഷ‌് ഠണ്ടനും. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനാസംഘത്തിൽ ഠണ്ടനെ ഉൾപ്പെടുത്തിയത‌്.
പാലാരിവട്ടം മേൽപാലം പരിശോധന ഇന്ന്; സംഘത്തിൽ ഇ ശ്രീധരനൊപ്പം പ്രൊഫ. മഹേഷ‌് ഠണ്ടനും - DMRC
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി
സ‌്ട്രക‌്ചറൽ എൻജിനിയറിങ്ങിൽ അന്താരാഷ‌്ട്ര അംഗീകാരമുള്ള പ്രൊഫ. മഹേഷ‌് ഠണ്ടൻ പാലാരിവട്ടം പാലം പുനരുദ്ധരിക്കാനുള്ള മികച്ച നിർദേശം നൽകുമെന്നാണ‌് പ്രതീക്ഷ.. ഡൽഹി മെട്രോ റെയിൽ നിർമാണകാലം മുതൽ ഇ ശ്രീധരനുമായി ചേർന്ന‌് പ്രവർത്തിക്കുന്നയാൾ കൂടിയാണ് ഠണ്ടൻ ഡൽഹി ആസ്ഥാനമായ ഠണ്ടൻ കൺസൾട്ടന്റ‌്സിന്റെ മാനേജിങ് ഡയറക‌്ടറാണ‌്.
പരിശോധനാസംഘത്തിൽ ഐഐടികളിലെ വിദഗ‌്ധരും ദേശീയപാത അതോറിറ്റിയിലെ എൻജിനിയർമാരും ഇടപ്പള്ളി, ചമ്പക്കര മേൽപ്പാലങ്ങളുടെ ഡിസൈൻ നിർവഹിച്ച ശ്രീഹരി കൺസൾട്ടന്റ‌്സിലെ ഷൈൻ വർഗീസും ഉണ്ടാകുമെന്ന‌് ഇ ശ്രീധരൻ പറഞ്ഞു. രാവിലെ എട്ടിനാണ‌് സംഘം പാലത്തിൽ വിശദപരിശോധന നടത്തുക. തുടർന്ന‌് ഡിഎംആർസി കൊച്ചി ഓഫീസിൽ ചർച്ച നടത്തും. പരിശോധനയിലെ കണ്ടെത്തലും തുടർനടപടി സംബന്ധിച്ച നിർദേശവും സംസ്ഥാന സർക്കാരിന‌് സമർപ്പിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.