കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘത്തിന് അനുമതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അനുമതി നൽകിയത്. മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ടി.ഒ സൂരജിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. നാളെ രാവിലെ പത്തു മുതല്‍ ഒരു മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ടി.ഒ സൂരജ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പാലാരിവട്ടം അഴിമതി; ടി.ഒ സൂരജിനെ ചോദ്യം ചെയ്യാന്‍ അനുമതി - Palarivattom bridge scam case
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് മൊഴിനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അപേക്ഷ നല്‍കിയത്.
അതിനിടെ ടി.ഒ സൂരജിന്‍റെ കേസ് അന്വേഷിക്കുന്ന ഡയറി ഹാജരാക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ടി.ഒ. സൂരജ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. കേസിന്‍റെ പുരോഗതി വിലയിരുത്താനാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ട്. കേസിൽ രാഷ്ട്രീയ പങ്കാളിത്തം ഉൾപ്പടെയുള്ള ആരോപണങ്ങളുണ്ട്. ടി.ഒ സൂരജിന്‍റെ ആരോപണങ്ങള്‍ പലതും വ്യാജമാണ്. ടി.ഒ. സൂരജ് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുള്ളതിനാൽ ജാമ്യം നൽകരുതെന്ന് വിജിലൻസ് കോടതിയിൽ വാദിച്ചു.