കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
പാലാരിവട്ടം മേല്‍പാലം: കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ - പാലാരിവട്ടം മേല്‍പാലം
പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായി. സിനിമാക്കഥ സത്യമാകുന്ന അവസ്ഥയാണോ എന്നും കോടതി
ക്രമക്കേടിന്‍റെ ഉത്തരവാദികള്‍ ആരാണെന്ന് കോടതി ആരാഞ്ഞു. പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായി. സിനിമാക്കഥ സത്യമാകുന്ന അവസ്ഥയാണോയെന്നും കോടതി ചോദിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് പാലം നിർമിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ക്രമക്കേടിൽ പങ്ക് സംശയിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
താൻ ഒരു ഉപകരണം മാത്രമാണ്. വകുപ്പ് നിർദ്ദേശമനുസരിച്ച് ഫയലിൽ ഒപ്പുവെക്കുക മാത്രമാണ് ചെയ്തതെന്ന് ടിഒ സൂരജ് കോടതിയെ അറിയിച്ചു. അതേസമയം ജാമ്യാപേക്ഷ സമർപ്പിച്ച നാലു പേരുടെയും പങ്കിനെ കുറിച്ചും അന്വേഷണ പുരോഗതിയെ കുറിച്ചും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. റിമാന്‍ഡിൽ കഴിയുന്ന നാലു പേരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി. പാലം നിര്‍മാണത്തിലെ അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി.ഒ സൂരജ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.
ഇബ്രാഹിം കുഞ്ഞിന്റെ ഉത്തരവ് പ്രകാരമാണ് കരാർ വ്യവസ്ഥ ഇളവ് ചെയ്തത്. എട്ടേക്കാൽ കോടി രൂപ പലിശ ഇല്ലാതെ മുൻകൂർ കരാറുകാരന് നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞായിരുന്നെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്‌ട്‌സിന്റെ എം.ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എം ഡി ബെന്നി പോള്‍, ആര്‍ ബി ഡി സി കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എംഡി തങ്കച്ചന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.