എറണാകുളം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവത്തിലെ പ്രതികളുടെ പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തണമെന്ന് പി ടി തോമസ് എംഎൽഎ. എസ്എഫ്ഐ നേതാക്കളായ ഇവർ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത് ചട്ടങ്ങൾ മറികടന്നാണെന്നും പി ടി തോമസ് ആരോപിച്ചു. പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയാണ് ജോലി നേടിയതെന്ന് സംശയിക്കുന്നു. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
വധശ്രമക്കേസിലെ പ്രതികൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി ടി തോമസ് എംഎൽഎ രംഗത്തെത്തി.
പരീക്ഷകൾ നടത്തുമ്പോൾ സുതാര്യത ഉറപ്പുവരുത്തുവാൻ സർക്കാർ തയാറാകണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. കേസിൽ പ്രതികളായവരുടെ വീട്ടിൽ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പർ കണ്ടെത്തിയത് ഞെട്ടിക്കുന്നതാണ്. സംഥാനത്തെ കോളജുകൾ നിയന്ത്രിക്കുന്നത് എസ്എഫ്ഐ നേതൃത്വം നൽകുന്ന മാഫിയ ആണ്. സർക്കാർ കോളജുകൾ നിയന്ത്രിക്കുന്നത് ഇത്തരം ക്രിമിനലുകളാണ്. കോളജുകളെ കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് ഷംസുദിൻ കമ്മീഷന് മുന്നിൽ ഇക്കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.