എറണാകുളം: പ്രമുഖതിരക്കഥാകൃത്ത് ജോണ്‍പോളിന്‍റെ നിര്യാണത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര രംഗത്ത് എന്നും ഓര്‍ത്തിരിക്കാവുന്ന ഒട്ടനവധി സിനിമകള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും പിറന്നവയാണ്. ഈ വിയോഗം ലോകത്തിനാകെ തീരാനഷ്‌ടമാണെന്നും മന്ത്രി അനുസ്‌മരിച്ചു.
എറണാകുളം ലിസി ആശുപത്രിയില്‍ ജോണ്‍ പോള്‍ ചികില്‍സയിലായിരുന്ന സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്‍റെ അനുഭവങ്ങളും മന്ത്രി പങ്ക് വെച്ചു. അവസാനമായി കണ്ടപ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയാണ് ഡോക്‌ടര്‍മാര്‍ പങ്ക് വെച്ചത്. സാംസ്‌കാരിക പ്രവര്‍ത്തകരാകെ അദ്ദേഹത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള യത്‌നത്തില്‍ ഒന്നിച്ചിരുന്നതായും പി രാജീവ് വ്യക്തമാക്കി.
അദ്ദേഹവുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചാരണത്തിനും വന്നിരുന്നു. ജോണ്‍ പോളാണ് എന്നു തുടങ്ങുന്ന വിളികളും ശബ്‌ദ സന്ദേശങ്ങളും ഇനിയുണ്ടാവില്ല. ജോണ്‍ പോളിന്റെ സിനിമകള്‍ അദ്ദേഹത്തിന്റെ നാമം അനശ്വരമാക്കുമെന്നുറപ്പാണ്.
എന്നിരുന്നാലും ഇപ്പോള്‍ മലയാള സിനിമ ലോകത്തുണ്ടായിരിക്കുന്ന ഈ വിടവ് ആരാലും നികത്തപ്പെടുകയില്ല. ജോണ്‍ പോളിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും ചലച്ചിത്ര ലോകത്തിന്റെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പി രാജീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് (23 ഏപ്രില്‍ 2022) ഉച്ചയോടെയാണ് മരണപ്പെട്ടത്.
Also read: ആ തൂലിക നിലച്ചു… ജോണ്‍ പോള്‍ ഇനി ഓര്‍മകളില്‍