മൂവാറ്റുപുഴ:കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയിലേക്ക് തുടർച്ചയായ രണ്ടാം ദിവസവും യാക്കോബായ സഭയുടെ പ്രതിഷേധം. പിറവം സെന്‍റ് മേരീസ് രാജാധിരാജ പള്ളിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സഭക്ക് നേരിട്ട തിരിച്ചടിയാണ് വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്. സഭയുടെ ആദ്യകാല ആസ്ഥാനമായ മൂവാറ്റുപുഴ അരമന തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് യാക്കോബായ വിശ്വാസികളുടെ വാദം.
മൂവാറ്റുപുഴ അരമനയിലേക്ക് രണ്ടാം ദിവസവും യാക്കോബായ പ്രതിഷേധം സഭയില്‍ പ്രവർത്തിച്ചിരുന്ന തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയാണ് ഇപ്പോൾ ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ഈസ്റ്റ് ഭദ്രാസനാധിപൻ. കഴിഞ്ഞ ദിവസം പിറവം പള്ളിയിൽ നടന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിഷേധങ്ങൾക്ക് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. ഇതാണ് മൂവാറ്റുപുഴയില്‍ യാക്കോബായ വിശ്വാസികലെ ചൊടിപ്പിച്ചത്. വൈകീട്ട് 6.30 ഓടെ മൂവാറ്റുപുഴ കെഎസ്ആർടിസി കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം അരമനയുടെ മുന്നിലെത്തിയെങ്കിലും പൊലീസ് തടഞ്ഞു.
തങ്ങൾക്ക് അർഹതപ്പെട്ട അരമന തിരികെ ലഭിക്കണമെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും യാക്കോബായ വിഭാഗം മുന്നറിയിപ്പ് നൽകി. 20 മിനിറ്റോളം പ്രതിഷേധിച്ച ശേഷം വിശ്വാസികളോട് പിരിഞ്ഞുപോകാന്‍ സമരത്തിന് നേതൃത്വം നല്‍കിയ മെത്രാപ്പോലീത്തമാര്‍ ആവശ്യപ്പെടുകയായിരുന്നു. നാളെ കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയില്‍ ചേരുന്ന യാക്കോബായ സഭാ മേലധ്യക്ഷന്‍മാരുടെ യോഗത്തിന് ശേഷം സമരത്തിന്‍റെ ഭാവി പരിപാടികള്‍ തീരുമാനിക്കും. നിലവില്‍ പ്രശ്നം നടക്കുന്ന പിറവം പള്ളിയുള്‍പ്പെടെ മറ്റ് പള്ളികളുടെ കാര്യത്തിലും ഏത് തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കും.
സമരക്കാര്‍ അരമനയുടെ ബോർഡ് തകർക്കുകയും ഓർത്തഡോക്സ് കുരിശുപള്ളിയിൽ യാക്കോബായ വിഭാഗത്തിന്‍റെ കൊടിനാട്ടുകയും ചെയ്തിട്ടുണ്ട്. മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ കൂറിയലോസ്, മാത്യൂസ് മാർ തിമോത്തിയോസ്, തോമസ് മാർ അലക്സാന്ത്രിയോസ്, സഖറിയാസ് മാർ പീലക്സിലോസ്, വൈദീക സെക്രട്ടറി സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, ആൽമായ സെക്രട്ടറി കമാണ്ടർ സികെ ഷാജി തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.