എറണാകുളം:കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തന പുരോഗതി ജില്ലാ കലക്ടർ വിലയിരുത്തി. രണ്ടാം ദിവസവും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ ജില്ലാ കലക്ടർ എസ്.സുഹാസ് സന്ദർശിച്ചു. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച വിവേകാനന്ദ തോട്, പനമ്പിള്ളി ഡിവിഷനിലെ ഡ്രെയിനേജ്, പൊന്നുരുന്നി ഡിവിഷനിലെ പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തന പുരോഗതി വിലയിരുത്തിയത്. നോഡൽ ഓഫീസർ എസ്.ഷാജഹാൻ, ബ്രേക്ക് ത്രൂ കൺവീനർ എച്ച്.ടൈറ്റസ് എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും കലക്ടറെ അനുഗമിച്ചു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ; പ്രവർത്തന പുരോഗതി ജില്ലാ കലക്ടർ വിലയിരുത്തി - ജില്ലാ കലക്ടർ വിലയിരുത്തി
കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിർമിക്കുക, അറ്റകുറ്റപണികൾ നടത്തുക എന്നിവയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്‍റെ ഭാഗമായി നടക്കുന്നത്.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ആകെ 202 പ്രവർത്തികളില്‍ 36 എണ്ണത്തിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിർമിക്കുക, അറ്റകുറ്റപണികൾ നടത്തുക എന്നിവയാണ് പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. നിലവിൽ ആരംഭിച്ച പ്രവർത്തികൾ അവസാനിക്കുന്ന മുറക്ക് പുതിയ പ്രവർത്തികൾ ആരംഭിക്കും. പൊതുജനങ്ങളും ജനപ്രതിനിധികളും നിർദേശിച്ച പദ്ധതിയിലുൾപ്പെടാത്ത പ്രവർത്തികൾ മുൻഗണനാടിസ്ഥാനത്തിൽ ചെയ്യാൻ കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. മുഴുവൻ പ്രവർത്തികളും മാർച്ച് 31നകം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.