എറണാകുളം : പി വി അൻവർ എം.എൽ.എ യുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറക്കാന്‍ അനുമതി നല്‍കിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി (Opening Of PV Anwar's Park). ജസ്റ്റിസ് മുരളി പുരുഷോത്തമന്‍റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജി.
കൂടാതെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം, യാതൊരു പഠനവും നടത്താതെയാണ് പാർക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നത്, ഇതിന് അനുമതി നൽകിയത് പി വി അൻവറിന്‍റെ സ്വാധീനത്താലാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
നദീതട സംരക്ഷണ സമിതി (River basin protection committee) പ്രവർത്തകൻ ടി വി രാജൻ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വിദഗ്‌ധ സമിതിയെ (Expert Committee) കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിപ്പിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നത്. ഹർജിയില്‍ വിധി വരുന്നത് വരെ പാർക്കിന്‍റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ മാസമാണ് പി.വി അൻവറിന്‍റെ കക്കാടംപൊയിലിലുള്ള പാർക്ക് തുറന്നുകൊടുക്കാൻ സർക്കാർ അനുമതി നൽകിയത്. 2018 ലെ മണ്ണിടിച്ചിലിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് നൽകുകയും പാർക്ക് പൂട്ടാൻ ജില്ല കലക്‌ടർ ഉത്തരവിടുകയുമായിരുന്നു. അനധികൃതമായി നിര്‍മ്മിച്ച തടയണകൾ പൊളിച്ചുനീക്കുകയും ചെയ്‌തിരുന്നു.