എറണാകുളം:കേരളത്തിൽ ബക്രീദിന് ഇളവുകൾ അനുവദിച്ചതിനെതിരായ കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വിയുടെ വിമർശനത്തെ തള്ളി ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാർ ബക്രീദിന് ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചതിൽ തെറ്റില്ല. ഒരു വലിയ വിഭാഗത്തിൻ്റെ വിശ്വാസവുമായി ബന്ധപ്പെട്ട ദിവസമാണ് ബക്രീദെന്നും ഇളവുകൾ ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കൊടകര കുഴൽ പണക്കേസ്, ബിനീഷ് കോടിയേരിയുടെ കേസ്, മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച തീരുമാനം എന്നിവയെ കുറിച്ച് അഭിപ്രായം പറയുന്നില്ല. സംഭവങ്ങൾ കൂട്ടിച്ചേർത്ത് വായിക്കുന്നതിൽ താൻ സമർത്ഥനല്ലെന്നും അത് സംബന്ധിച്ച കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം കോൺഗ്രസ് പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് മുന്നണിയിൽ അഭിപ്രായ വിത്യാസമില്ല. കെ.പി.സി.സി പ്രസിഡന്റ് തന്നെ ഈ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കൊച്ചിയിൽ മാധ്യങ്ങളോട് പ്രതികരിച്ചു.