എറണാകുളം:എറണാകുളം ജില്ലയിലെ ഹോട്ട്സ്‌പോട്ടുകൾ പുനർനിർണയിച്ചു. ജില്ലയിൽ കൊച്ചി കോർപ്പറേഷനിലെ എട്ട്, 65-ഡിവിഷനുകൾ മാത്രമാണ് ഹോട്ട്‌സ്‌പോട്ടുകളായി ഉള്ളതെന്ന് ജില്ലാ കലക്‌ടർ എസ് സുഹാസ് പറഞ്ഞു. ഈ ഡിവിഷനുകളിൽ മെയ് മൂന്ന് വരെ ലോക്ക് ഡൗൺ ഇളവുകളില്ലാതെ തുടരും.
എറണാകുളത്ത് രണ്ട് ഹോട്ട്സ്‌പോട്ടുകൾ മാത്രം - covid news
കൊച്ചി കോർപ്പറേഷനില്‍ ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ച രണ്ട് ഡിവിഷനുകളിലും ലോക്ക് ഡൗൺ ഇളവുകളില്ലാതെ തുടരും
ചുള്ളിക്കൽ-പനയപ്പള്ളി മേഖലയാണ് എട്ടാം ഡിവിഷൻ. കലൂർ സൗത്ത് കതൃക്കടവ് ഭാഗമാണ് 65-ാം ഡിവിഷൻ. നേരത്തെ നിശ്ചയിച്ച മുളവുകാട് പഞ്ചായത്തിനെയും കോര്‍പ്പറേഷനിലെ മറ്റ് ഡിവിഷനുകളെയും ഹോട്ട്സ്‌പോട്ട് പരിധിയില്‍ നിന്ന് ഒഴിവാക്കി. പൊലീസ്, ആരോഗ്യ വകുപ്പുകളുമായി ചർച്ച ചെയ്‌ത ശേഷമാണ് കലക്‌ടർ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ നിലവിലെ സാഹചര്യം കലക്‌ടർ ചീഫ് സെക്രട്ടറി ടോം ജോസിനെയും അറിയിച്ചു. ഹോട്ട്സ്‌പോട്ട് ഒഴികെയുള്ള ഇടങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച ഇളവുകള്‍ തുടരുമെങ്കിലും അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.
അതേസമയം ഏപ്രില്‍ 22-ന് പുതുതായി 11 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 17 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 134 ആയി. ഇന്ന് പുതുതായി അഞ്ച് പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ 15 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ 4 പേരാണുള്ളത്. ഇതിൽ 2 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏപ്രിൽ നാലിന് ശേഷം ജില്ലയിൽ ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.