എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മേയറുടെ രാജിയാവശ്യപ്പെട്ട് ഡിസിസി നടത്തിയ കൊച്ചി കോർപ്പറേഷൻ ഉപരോധ സമരത്തിനിടെ ജീവനക്കാരെ മർദിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റില്‍. കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്‌ദുൽഖാദറിനെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷൻ മാത്യുവാണ് അറസ്‌റ്റിലായത്. ഇതേ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജെറി ജെസി, ലാൽ വർഗീസ് എന്നിവരെ ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു.
വധശ്രമത്തിന് നാല് പേര്‍ക്കെതിരെ കേസ്: കോൺഗ്രസ് ഉപരോധ സമരത്തെ തുടർന്ന് ഓഫിസിലേക്ക് പ്രവേശിക്കാൻ കഴിയാതെ കുറച്ച് ജീവനക്കാരും കോർപ്പറേഷൻ സെക്രട്ടറിയും സുഭാഷ് പാർക്കിൽ നിൽക്കുന്ന വേളയിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഈ സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് നാലു പേർക്കെതിരെയായിരുന്നു വധശ്രമത്തിന് കേസെടുത്തത്. അതേസമയം, ഉപരോധ സമരം നടത്തിയ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉൾപെടെയുള്ള 500 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ജീവനക്കാരെ മർദിച്ചതിനെതിരെ കേരള മുനിസിപ്പൽ ആന്‍റ് കോർപ്പറേഷൻ സ്‌റ്റാഫ് യൂണിയൻ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. കോൺഗ്രസുകാർ ഇടതു പക്ഷ യൂണിയന്‍റെ ഭാഗമായ ജീവനക്കാരെ ആസൂത്രിതമായി തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കേരള മുനിസിപ്പൽ ആന്‍റ് കോർപ്പറേഷൻ സ്‌റ്റാഫ് യൂണിയൻ യൂണിറ്റ് സെക്രട്ടറി സൂരജ് പറഞ്ഞു. ജീവനക്കാർക്ക് പൊലീസ് സംരക്ഷണയിൽ കോർപ്പറേഷൻ ഓഫിസിൽ ജോലിക്ക് ഹാജരാകാൻ സൗകര്യ മേർപ്പെടുത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റി ജീവനക്കാർക്ക് ഓഫിസിൽ പ്രവേശിക്കാൻ അവസരമൊരുക്കാൻ രാഷ്‌ട്രപതിയുടെ കൊച്ചി സന്ദർശനത്തിന്‍റെ സാഹചര്യത്തിൽ പരിമിതിയുണ്ടെന്ന് അറിയിച്ചിരുന്നു. പൊലീസ് നിർദേശപ്രകാരമാണ് പ്രധാന കവാടം ഒഴിവാക്കി മറ്റൊരു വഴിയിലൂടെ ജീവനക്കാർ ഓഫിസിൽ പ്രവേശിച്ചത്. എന്നാൽ, ഇതൊന്നും അറിയാതെ ജോലിക്കെത്തി സമരം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാറി നിന്ന ജീവനക്കാരെയാണ് കോൺഗ്രസ് പ്രവർത്തകർ മർദിച്ചത്.
അറ്റന്‍റന്‍സ് രജിസ്‌റ്ററിന്‍റെ പേരിലുള്ളത് തെറ്റായ പ്രചരണം:സെക്രട്ടറി കോർപ്പറേഷനിലേക്ക് കയറാൻ കഴിയാത്തതിനെ തുടർന്നാണ് സുഭാഷ് പാർക്കിലെത്തിയത്. ഇതോടെ ജീവനക്കാരിൽ ചിലരും അവിടെ എത്തുകയായിരുന്നു. അറ്റന്‍റന്‍സ് രജിസ്‌റ്റര്‍ ഓഫിസിലായിരുന്നുവെന്നും അവിടെ വെച്ച് ഒപ്പ് വയ്‌പ്പിച്ചുവെന്നത് തെറ്റായ പ്രചരണമാണ്.