എറണാകുളത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു - എറണാകുളം
ഇയാൾ ന്യൂമോണിയ ബാധിച്ച് ഗുരുതര നിലയിൽ കഴിയുകയായിരുന്നു. വൈകുന്നേരത്തോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ എറണാകുളം ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
എറണാകുളം:സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ എടത്തല സ്വദേശി ബൈഹക്കി (59) ആണ് മരിച്ചത്. ഇയാൾ ന്യൂമോണിയ ബാധിച്ച് ഗുരുതര നിലയിൽ കഴിയുകയായിരുന്നു. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിൽസകൾ നൽകിയിരുന്നു. വൈകുന്നേരത്തോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ എറണാകുളം ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ തൃക്കാക്കര കോൺവെന്‍റിലെ അന്തേവാസിയായ ആനി ആന്‍റണിയും (77) മരിച്ചിരുന്നു.
ജില്ലയിൽ ഇന്ന് 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 61 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചെല്ലാനം, ആലുവ ലാർജ്ജ് ക്ലസ്റ്റർ, തൃക്കാക്കര കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററിലുള്ളവർക്കാണ് ഇന്ന് കൂടുതലായും രോഗം സ്ഥിരീകരിച്ചത്.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 910 ആയി വർധിച്ചു. ഇന്ന് 151 പേരാണ് രോഗ മുക്തി നേടിയത്.