എറണാകുളം: 'ഓറഞ്ച് ലൈൻ' എന്നറിയപ്പെടുന്ന വില കൂടിയ ഇനം ബ്രൗൺ ഷുഗറുമായി കൊച്ചിയിൽ ഒരാൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശിയായ കരിം ഭായ് എന്ന ലൽട്ടു ഷേക്ക് (29) ആണ് 14 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ റിസോട്ടുകളിൽ ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിലേയ്ക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. കൊച്ചി പനമ്പിള്ളി നഗറിലുള്ള ഇടനിലക്കാരന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ മെട്രോ സ്റ്റേഷന് സമീപം നിൽക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം പിടികൂടുകയായിരുന്നു.
ബ്രൗൺ ഷുഗറുമായി കൊച്ചിയിൽ ഒരാൾ പിടിയിൽ - ernakulam brown sugar news
കൊച്ചി പനമ്പിള്ളി നഗറിലുള്ള ഇടനിലക്കാരന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ മെട്രോ സ്റ്റേഷന് സമീപം നിൽക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം പിടികൂടുകയായിരുന്നു.
രണ്ട് മില്ലിഗ്രാം ബ്രൗൺ ഷുഗറിന് 3000 രൂപയാണ് വില്പന നടത്തുന്നവർ ഈടാക്കുന്നത്. റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. ഒരു മാസം മുൻപ് മയക്കു മരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചിയിലെ പല റിസോട്ടുകളും എക്സൈസ് ഷാഡോ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു.
കൊൽക്കത്തയ്ക്ക് അടുത്ത് സിയാൽദാ എന്ന സ്ഥലത്ത് നിന്നാണ് ലഹരി മാഫിയ സംഘങ്ങൾ മയക്ക് മരുന്ന് കൈമാറ്റത്തിന് കരിം ഭായിയെ ചുമതലപ്പെടുത്തിയത്. ഇത്തരത്തിലുള്ള മയക്കു മരുന്ന് കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. വെറും മൈക്രോഗ്രാം അളവ് ഉപയോഗിച്ചാൽ പോലും ലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ ഡി ജെ പാർട്ടികൾക്ക് ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിൻ്റെ ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.