കേരളം

kerala

ETV Bharat / state

ചടങ്ങ് മാത്രമായി ഓണാഘോഷങ്ങള്‍; തൃപ്പൂണിത്തുറ അത്തം നഗറിൽ പതാക ഉയർത്തി - പതാക ഉയർത്തി

ആയിരങ്ങൾ പങ്കെടുത്ത് തൃപ്പൂണിത്തുറയിൽ നടന്നിരുന്ന വർണ്ണശബളമായ ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷത്തിന് തുടക്കം കുറിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

Onam celebrations  Onam news  Flag hoisted  Atham Nagar  ഓണാഘോഷം  അത്തം നഗര്‍  പതാക ഉയർത്തി  തൃപ്പൂണിത്തുറ
ഓണാഘോഷങ്ങള്‍ക്ക് തുടക്കം: തൃപ്പൂണിത്തുറ അത്തം നഗറിൽ പതാക ഉയർത്തി

By

Published : Aug 22, 2020, 12:31 PM IST

Updated : Sep 1, 2020, 2:15 PM IST

എറണാകുളം:ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ തൃപ്പൂണിത്തുറയിൽ അത്തപതാക ഉയർത്തി. മുന്‍ വര്‍ഷങ്ങളില്‍ അത്തച്ചമയ ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നത്. കൊവിഡ് കാലമായതിനാല്‍ ഇത്തവണ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാ ദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ എം.എൽ.എ എം.സ്വരാജ് അത്തപതാക ഉയർത്തി. ആയിരങ്ങൾ പങ്കെടുത്ത് ആഘോഷപൂർവ്വം നടത്തിയിരുന്ന അത്ത ചമയ ഘോഷയാത്ര ഒഴിവാക്കേണ്ടി വന്നതിലുള്ള പ്രയാസം പങ്കുവെക്കുകയാണ് കഴിഞ്ഞ നാല് വർഷമായി കൺവീനറായി പ്രവർത്തിച്ചിരുന്ന നഗരസഭാ കൗൺസിലർ എ.വി.ബൈജു.

ചടങ്ങ് മാത്രമായി ഓണാഘോഷങ്ങള്‍; തൃപ്പൂണിത്തുറ അത്തം നഗറിൽ പതാക ഉയർത്തി

തങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണിത്. കൊവിഡ് മഹാമാരിയിലും പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ചടങ്ങിൽ തങ്ങൾ കറുത്ത വസ്ത്രം ധരിച്ച് എത്തിയതെന്നും എ.വി.ബൈജു വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിയേഴ് വർഷമായി അത്ത ചമയ ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന തെയ്യം കലാകാരനാണ് കോഴിക്കോട് ശ്രീനിവാസൻ. അത്താഘോഷ പരിപാടിയെ സ്നേഹിക്കുന്നതിനാലാണ് ക്ഷേത്ര കലാരൂപം ഘോഷയാത്രയിൽ അവതരിപ്പിക്കാൻ താൻ തയ്യാറായതെന്ന് ശ്രീനിവാസൻ പറഞ്ഞു. ഇതിന്‍റെ പേരിൽ മറ്റു തെയ്യം കലാകാരന്മാരുടെ വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായ നേട്ടം ലക്ഷ്യമിട്ടല്ല അത്താഘോഷങ്ങളിൽ തെയ്യം അവതരിപ്പിച്ചത്. അത്ത ചമയ ഘോഷയാത്രയില്ലാത്തത് എറെ സങ്കടപ്പെടുത്തിയെന്നും ശ്രീനിവാസൻ പറഞ്ഞു.

ഒരു പതിറ്റാണ്ടോളമായി ഘോഷയാത്രയിൽ മെയിലാട്ടം, ബൊമ്മകളി, ശ്രീകൃഷ്ണ ലീല ,കുതിര കളി തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്ന കലാകാരന്മാരെ ഏകോപിപ്പിച്ചിരുന്നത് ലവീത് എന്ന നാടൻപാട്ട് കാലകാരനായിരുന്നു. കൊവിഡ് സഹചര്യത്തിൽ എഴുപതോളം സ്റ്റേജ് പരിപാടികൾക്ക് ഒപ്പം അത്ത ചമയ ഘോഷയാത്രയും നഷ്ട്ടമായതിലുള്ള പ്രയാസമാണ് ലവീതിന് പറയാനുള്ളത്. തൃപ്പൂണിത്തുറക്കാരായ തങ്ങൾക്ക് ഏറെ അഭിമാനം തരുന്ന ഈ ദിവസം ആഘോഷങ്ങളില്ലാതെ കടന്ന് പോകുന്നതിനെ കുറിച്ച് തന്നെയാണ് നഗരസഭാ കൗൺസിലറായ ജയശ്രീയും പറയുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി അത്ത ചമയ ഘോഷയാത്ര ക്യാമറയിൽ പകർത്തി മുൻസിപ്പാലിറ്റിക്ക് ആൽബമായി നൽകിയിരുന്ന ഫോട്ടോ ഗ്രാഫർ സനീഷിന് ഇത് ഒരു ജോലി മാത്രയായിരുന്നില്ല. ആത്മസംതൃപ്തി നൽകുന്ന പ്രവർത്തനം കൂടിയായിരുന്നു. ഇത്തരത്തിൽ കലാകാരന്മാർക്കും, സംഘാടകർക്കും ,ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എല്ലാ മനുഷ്യർക്കും വലിയ നഷ്ട്ട ബോധം സമ്മാനിച്ചാണ് ഇത്തവണത്തെ അത്ത ദിനം കടന്ന് പോയത്.

രാജഭരണ കാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിക്ക് കൊച്ചി രാജാക്കന്മാർ സേനാ വ്യൂഹത്തോടും , കലാസാംസ്കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നള്ളത്താണ് അത്തച്ചമയമെന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ എഴുന്നള്ളത്ത് അവസാനിച്ചുവെങ്കിലും അത്ത ചമയ ഘോഷയാത്ര ജനകീയ കമ്മറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിന് മുമ്പ് പ്രളയത്തെ തുടർന്ന് അത്തചമയ ഘോഷയാത്ര മുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഭംഗിയായി നടന്നുവെങ്കിലും ഇത്തവണ കൊവിഡ് മഹാമാരിയാണ് അത്തച്ചമയ ഘോഷയാത്രയും അനുബന്ധ പരിപാടികളും മുടക്കിയത്.

Last Updated : Sep 1, 2020, 2:15 PM IST

ABOUT THE AUTHOR

...view details