എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്‌ച രാത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫിന്‍റെ പ്രചരണ കണ്‍വെന്‍ഷനില്‍ കെ.വി തോമസ് പങ്കെടുക്കും.
ഇതോടെ തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ പ്രചാരണത്തിന്‍റെ പ്രധാന മുഖമായി കെ വി തോമസ് മാറുമെന്നും മണ്ഡലത്തിലുള്ള ഇദ്ദേഹത്തിന്‍റെ ബന്ധങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. അതേസമയം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കെ വി തോമസ് പങ്കെടുത്താല്‍ അടിയന്തരമായി അച്ചടക്ക നടപടിയ്ക്ക് കെ പി സി സി നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കും. നിലവില്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ഇദ്ദേഹത്തിനെതിരെയുള്ള ശുപാര്‍ശ സോണിയ ഗാന്ധിയുടെ പരിഗണനയിലാണ്.