എറണാകുളം:ജന്മനാട് നൽകിയ സ്വീകരണത്തിലും വലുതായി ഒന്നും നേടാനില്ലെന്ന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്. ഹോക്കി വെങ്കല മെഡൽ നേട്ടവുമായി ജന്മനാട്ടിൽ തിരിച്ചെത്തി ആവേശകരമായ സ്വീകരണമേറ്റു വാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെത്തിയപ്പോഴാണ് ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന്‍റെ ഇരട്ടിമധുരം അനുഭവിച്ചത്. നാട്ടുകാരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന സ്നേഹം വിലമതിക്കാൻ കഴിയാത്ത അംഗീകാരമാണ്. 41 വർഷത്തിന് ശേഷമുള്ള ഈ മെഡൽ നേട്ടം പ്രധാനപെട്ടതാണ്. ഇത് പോലൊരു സ്വീകരണം അവിശ്വസനീയമാണെന്നും ഇത്രയും വലിയ സ്വീകരണം നൽകിയതിന് ഏറെ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.
മനസിൽ ഗോൾ തടയുകയെന്ന ലക്ഷ്യം മാത്രം
ടെൻഷനില്ലാതെയാണ് കളിച്ചത്. അവസാന ആറ് സെക്കൻഡില്‍ നിർണായകമായ പെനാൾറ്റിയിൽ എങ്ങിനെ ഗോൾ തടയാമെന്ന് മാത്രമാണ് ചിന്തിച്ചത്. എന്ത് വന്നാലും ഈ പന്ത് തടയുമെന്ന് തീരുമാനിച്ചിരുന്നു. സെമി ഫൈനലിലും വിജയപ്രതീക്ഷയുണ്ടായിരുന്നു. അത് നഷ്ടമായപ്പോൾ സങ്കടമുണ്ടായിരുന്നു. എന്നാൽ വെങ്കല മെഡൽ പോരാട്ടത്തിൽ വിജയിക്കുകയായിരുന്നു ലക്ഷ്യം. അത് സാധിച്ചെടുക്കാൻ കഴിഞ്ഞുവെന്നും ശ്രീജേഷ് പറഞ്ഞു.