എറണാകുളം:മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊന്നു. മേക്കടമ്പ് അമ്പല്ലൂർ ക്ഷേത്രത്തിന് സമീപം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് അമ്മിണിയാണ് (85) കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. വയോധികയുടെ തലയ്ക്കും കഴുത്തിലും ആഴത്തിൽ മുറിവേറ്റാണ് മരണം സംഭവിച്ചത്.
ഞായറാഴ്‌ച (ജൂലൈ ഒന്‍പത്) രാത്രി പത്തരയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അമ്മായിയമ്മയെ കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള സഹോദരന്‍റെ വീട്ടിലെത്തി പ്രതിയായ പങ്കജം, സംഭവത്തെക്കുറിച്ച് അറിയിച്ചു. അമ്മിണിയുടെ മകനായ പ്രസാദ് രാത്രി സമയം തട്ടുകയിലെ ജോലിക്ക് പോയതായിരുന്നു. സംഭവസമയം, പ്രസാദിന്‍റെ ഭാര്യ പങ്കജവും അമ്മ അമ്മിണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. വർഷങ്ങളായി മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന ആളാണ് പങ്കജമെന്ന് പൊലീസ് പറയുന്നു.
കൊച്ചിയിലും ദാരുണ സംഭവം; വയോധികയെ മകന്‍ കൊന്നു:കൊച്ചിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നതിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്‍പാണ് സമാനമായ സംഭവം ആവർത്തിക്കപ്പെട്ടത്. ചമ്പക്കര സ്വദേശിനി അച്ചാമ്മയെ മകൻ വിനോദ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചമ്പക്കരയിലെ ഫ്ലാറ്റില്‍വച്ച് മണിക്കൂറുകളോളം മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊല നടത്തിയത്. അടുത്തിടെ, ഇവരുടെ ഫ്ലാറ്റിൽ നിന്ന് ബഹളം കേട്ട പ്രദേശവാസികളും വാര്‍ഡ് കൗണ്‍സിലറും പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതോടെ സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് പ്രശ്‌നങ്ങൾ ഇല്ലെന്നും പരാതിയില്ലെന്നും അമ്മയും മകനും അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.