കേരളം

kerala

ETV Bharat / state

Nunchaku Martial Arts RDX: ആർഡിഎക്‌സിലെ സേവിയറിന്‍റെ നഞ്ചക് ഇത്രയും അപകടകാരിയോ...അടിക്കുന്നവനെയും അടി ഏൽക്കുന്നവനെയും ഇല്ലാതാക്കുന്ന ആയുധം - നഞ്ചക്ക് ആയോധനകല

Nunchaku Fight RDX Movie: ധാന്യങ്ങൾ മെതിക്കുന്നതിന് ഉപയോഗിച്ചുതുടങ്ങിയ നഞ്ചക്ക് ആയുധമായി പരിണമിച്ചതും പല രാജ്യങ്ങളിലും നഞ്ചക്ക് നിരോധിച്ചതിനെക്കുറിച്ചും വിശദമായി അറിയാം.

Nunchaku Martial Arts  rdx  Nunchaku Fight  Nunchaku training  Nunchaku banned  Nunchaku techniques  നഞ്ചക്ക്  നഞ്ചക്ക് ആയുധം  നഞ്ചക്ക് ആയോധനകല  ആർഡിഎക്‌സ് സിനിമ നഞ്ചക്ക്
Nunchaku Martial Arts

By ETV Bharat Kerala Team

Published : Oct 10, 2023, 3:18 PM IST

ആക്ഷൻ ഡയറക്‌ടറായ സലിം ബാവ ഇടിവി ഭാരതിനോട്

എറണാകുളം: ആർഡിഎക്‌സ് (RDX) എന്ന ചിത്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം കേരളത്തിൽ പ്രിയങ്കരമായിക്കൊണ്ടിരിക്കുന്ന ആയുധമാണ് നഞ്ചക്ക് (Nunchaku Martial Arts). ചിത്രത്തിലെ നീരജ് മാധവിന്‍റെ (Neeraj Madhav) സേവിയർ എന്ന കഥാപാത്രം തന്‍റെ ശത്രുക്കളെ നേരിടാൻ നഞ്ചക്ക് ഉപയോഗിക്കുന്നു (Nunchaku Fight). മാസങ്ങളോളം ആയോധനമുറ അഭ്യസിച്ചതിന് ശേഷമാണ് സിനിമയിൽ നീരജ് മാധവ് നഞ്ചക്ക് പ്രകടനങ്ങൾ കാഴ്‌ചവച്ചത്.

നഞ്ചക്ക് ഉപയോഗിച്ച് സേവിയർ ഗുണ്ടകളെ അടിച്ച് വീഴ്ത്തുന്നത് തിയേറ്ററിൽ വലിയ ആരവം തന്നെ സൃഷ്‌ടിച്ചിരുന്നു. എന്നാൽ ഇരുതല മൂർച്ചയുള്ള ഒരു വാളിനേക്കാൾ അപകടകാരിയാണ് നഞ്ചക്ക് എന്ന ആയുധം. ചൈന, മംഗോളിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഗോത്രവർഗ കർഷകർ ധാന്യങ്ങൾ മെതിക്കാൻ വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കാർഷിക ആയുധമാണിത്.

കൃത്യമായി പറഞ്ഞാൽ ജപ്പാനിലെ ഒക്കിനാവയിലാണ് നഞ്ചക്കിന്‍റെ ജനനം. ധാന്യങ്ങൾ മെതിക്കുന്നതിന് ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധം പിന്നീട് ലോകവ്യാപകമായി ഏറ്റെടുക്കുകയായിരുന്നു. പല രാജ്യങ്ങളിലും ഗ്യാങ് വാറുകൾ നടക്കുമ്പോൾ വെടിയുണ്ടയെക്കാൾ മാരകമായി ഒരു മനുഷ്യനെ ഒരു നിമിഷം കൊണ്ട് കൊല്ലാൻ ആയുധമായി നഞ്ചക്ക് വ്യാപകമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലും നഞ്ചക്ക് ഒരു നിരോധിത വസ്‌തുവാണ്.

കരാട്ടെ, കുംഫു, എന്തിന് നമ്മുടെ കളരിയിൽ പോലും നഞ്ചക്ക് മുറകൾക്ക് പ്രാധാന്യമുണ്ട്. വിഖ്യാത നായകൻ ബ്രൂസ് ലീ തന്‍റെ സിനിമകളിലെ ആക്ഷൻ രംഗങ്ങളിൽ നഞ്ചക്ക് സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ് ഈ ആയുധത്തിന് ഇത്രയും പ്രചാരം ലഭിക്കുന്നത്. മലയാളത്തിൽ നഞ്ചക്ക് ഉസ്‌താദ് ബാബു ആന്‍റണി തന്നെയാണ്.

നീരജ് മാധവ് ഉപയോഗിക്കുന്ന നഞ്ചക്ക് തടികൊണ്ട് നിർമ്മിച്ചതാണെങ്കിൽ മെറ്റാലിക്കും ഫൈബറുമൊക്കെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. 1500 പൗണ്ട് വരെ ഒരു നഞ്ചക് ഹിറ്റിന് പ്രൊഡ്യൂസ് ചെയ്യാനാകും. ഒരു മനുഷ്യന്‍റെ തലയോട്ടി പൊട്ടിച്ചുകളയാൻ എട്ട് മുതൽ 10 വരെ പൗണ്ട് മാത്രം മതിയെന്നിരിക്കെ നഞ്ചക് എത്രത്തോളം അപകടകാരിയാണ് എന്ന് ഈ വസ്‌തുതയിൽ നിന്നും മനസ്സിലാക്കാം.

പ്രശസ്‌ത സംവിധായകനും ആക്ഷൻ ഡയറക്‌ടറുമായ സലിം ബാവ പറയുന്നു: സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഒരിക്കലും ഒറിജിനൽ നഞ്ചക്ക് ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്ന ആൾ അഭ്യാസി ആണെങ്കിൽ അയാളുടെ സോളോ പ്രകടനത്തിന് മാത്രമേ ഒറിജിനൽ മെറ്റീരിയൽ ഉപയോഗിക്കുകയുള്ളൂ. ഒരാളെ ആക്രമിക്കുന്ന രംഗങ്ങൾ ഒക്കെ മിക്കവാറും ഡമ്മി നഞ്ചക് ഉപയോഗിച്ച് തന്നെ ആകും ചിത്രീകരിക്കുക. ഡമ്മി ആണെന്ന് മനസ്സിലാക്കാതിരിക്കാൻ എഡിറ്റിങ്ങിലൂടെ ഫ്രെയിം ഡ്രോപ്പ് ചെയ്‌ത് ഗ്രാവിറ്റിയും വേഗതയും രംഗത്തിന് നൽകും.

ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യായുസ്സ് കവർന്നെടുക്കാൻ കഴിവുള്ള ആയുധമാണ് നഞ്ചക്ക്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഉപയോഗിക്കുന്ന ആളിന്‍റെ ജീവനും കവർന്നെടുക്കപ്പെടാം. നഞ്ചക് ഉപയോഗത്തെപ്പറ്റി പ്രശസ്‌ത സംവിധായകനും ആക്ഷൻ ഡയറക്‌ടറുമായ സലിം ബാവ ഇടിവി ഭാരതിനോട് വിശദീകരിച്ചു. പ്രമുഖൻ, ഗുണ്ട, വലിയങ്ങാടി, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് തുടങ്ങിയ മലയാള ചിത്രങ്ങളുടെ സംവിധായകനാണ് സലിം ബാവ. നിരവധി മലയാള ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കിയും അദ്ദേഹം പ്രശസ്‌തനാണ്.

ABOUT THE AUTHOR

...view details