എറണാകുളം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിയുമായി ഇരയായ കന്യാസ്‌ത്രീ. സമൂഹ മാധ്യങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് സംസ്ഥാന വനിതാകമ്മിഷനും ദേശീയ വനിതാ കമ്മിഷനും കന്യാസ്‌ത്രീ പരാതി നൽകി. തന്നെയും സാക്ഷികളായ കന്യാസ്ത്രീകളെയും നിരന്തരമായി അവഹേളിക്കുകയാണ്. ഇരയായ തന്നെ സമൂഹത്തിൽ തിരിച്ചറിയുന്ന രീതിയിൽ ഫോട്ടോയുൾപ്പടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും അവർ പരാതിയിൽ ആവശ്യപ്പെടുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിയുമായി കന്യാസ്‌ത്രീ - Bishop Franco mulakkal latest news
സംസ്ഥാന വനിതാകമ്മിഷനും ദേശീയ വനിതാ കമ്മിഷനുമാണ് പരാതി നല്‍കിയത്
![ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിയുമായി കന്യാസ്‌ത്രീ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4840385-thumbnail-3x2-franko.jpg)
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ക്രൈംനമ്പർ 746/18 എന്ന കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലും അനുയായികളും കേസിലെ പരാതിക്കാരിയും ഇരയുമായ തന്നെ 'ക്രിസ്‌ത്യൻ ടൈംസ്' എന്ന അവരുടെ യുട്യൂബ് ചാനലിലൂടെ നിരന്തരമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ഇതേ കാരണത്താൽ താൻ നൽകിയ എട്ട് പരാതികൾ കുറവിലങ്ങാട്, കാലടി പൊലീസ് സ്റ്റേഷനുകളിലുണ്ട്.
കേസുകൾ രജിസ്റ്റർ ചെയ്‌തതിന് ശേഷവും 'ക്രിസ്‌ത്യൻ ടൈംസ്' മാനഹാനിയുണ്ടാക്കുന്നതും ഭീഷണി നിറഞ്ഞതുമായ വാർത്തകൾ തനിക്കെതിരെയും സാക്ഷികളായ കന്യാസ്ത്രികൾക്കെതിരെയും നൽകുകയാണ്. തന്‍റെയും സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഫോട്ടോകൾ വെച്ചാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തന്നെ സ്വയം ന്യായീകരിച്ച് നടത്തുന്ന വീഡിയോയും സംപ്രേഷണം ചെയ്‌തിട്ടുണ്ട്. ഇത് ബലാത്സംഗ കേസിലെ പ്രതിയായ ഫ്രാങ്കോ നടത്തിയ ജാമ്യവ്യവസ്ഥയുടെ ലംഘനമാണ്. ബലാൽത്സംഗ കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും തന്നെയും സാക്ഷികളെയും സ്വാധീനിക്കാൻ നടത്തുന്ന ശ്രമമാണ് ഇതെന്നും ഇരയായ കന്യാസ്‌ത്രീ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകൾക്ക് നൽകിയ പരാതിയിൽ പറയുന്നു.