കേരളം

kerala

By

Published : Mar 9, 2023, 12:19 PM IST

Updated : Mar 9, 2023, 12:49 PM IST

ETV Bharat / state

ബ്രഹ്മപുരം പുകയുമ്പോള്‍ വിവാദങ്ങള്‍ക്കിടെ എറണാകുളത്ത് പുതിയ കലക്‌ടര്‍ ; എൻ എസ് കെ ഉമേഷ് ചുമതലയേറ്റു

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം വിവാദമായതോടെ മുന്‍ കലക്‌ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് എറണാകുളത്ത് പുതിയ കലക്‌ടറായി എൻ എസ് കെ ഉമേഷിനെ നിയമിച്ചത്. ബ്രഹ്മപുരം പ്രശ്‌നത്തില്‍ കൂട്ടായ പരിശ്രമം വേണമെന്ന് ചുമതലയേറ്റയുടന്‍ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു

NSK Umesh  Ernakulam new collector NSK Umesh  NSK Umesh Ernakulam new collector  Ernakulam new collector  Ernakulam collector  എറണാകുളത്ത് പുതിയ കലക്‌ടര്‍  എൻ എസ് കെ ഉമേഷ് ചുമതലയേറ്റു  എൻ എസ് കെ ഉമേഷ്  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം  ബ്രഹ്മപുരം തീപിടിത്തം  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  മാലിന്യ പ്ലാന്‍റിലെ തീപിടിത്തം
എൻ എസ് കെ ഉമേഷ്

എറണാകുളത്ത് പുതിയ കലക്‌ടര്‍ ചുമതയേറ്റു

എറണാകുളം : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ എറണാകുളം ജില്ലയുടെ പുതിയ കലക്‌ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കലക്‌ടര്‍ പറഞ്ഞു.

'ബ്രഹ്മപുരത്ത് നല്ല ആക്ഷൻ പ്ലാൻ ഉണ്ടാക്കിയാണ് മുൻ കലക്‌ടർ ചുമതല ഒഴിഞ്ഞത്. അത് ഫലപ്രദമായി നടപ്പാക്കും. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ മാലിന്യ പ്രശ്‌നത്തെ കുറിച്ച് പഠിച്ച ശേഷം പരിഹാര നടപടികൾ സ്വീകരിക്കും. കോർപറേഷനാണെങ്കിലും ജില്ല ഭരണകൂടമാണെങ്കിലും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്' - കലക്‌ടര്‍ പറഞ്ഞു.

ബ്രഹ്മപുരത്ത് ശാശ്വത പരിഹാരത്തിനുവേണ്ടി ടീമായി പ്രവർത്തിക്കണം. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാൻ കഴിയും. ഇന്ന് തന്നെ ബ്രഹ്മപുരം സന്ദർശിക്കും. കലക്‌ടറെന്ന നിലയിൽ പ്രതികൂലമായ സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടിവരും. അത്തരത്തിലാണ് നിലവിലെ സാഹചര്യത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9.50 ന് കലക്‌ടറേറ്റിലെത്തിയ പുതിയ ജില്ല കലക്‌ടറെ എഡിഎം എസ് ഷാജഹാന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്രഹ്മപുരം തീപിടിത്തം നിയന്ത്രിക്കുന്നതിൽ വീഴ്‌ച പറ്റിയെന്ന വിമർശനങ്ങൾക്കിടെയായിരുന്നു കലക്‌ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി സർക്കാർ പുതിയ കലക്‌ടറായി എൻ എസ് കെ ഉമേഷിനെ നിയമിച്ചത്.

പുകഞ്ഞ് കൊച്ചി നഗരം : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി എട്ടാം ദിവസവും കൊച്ചിയിൽ തുടരുകയാണ്. തീ പൂർണമായും നിയന്ത്രണ വിധേയമായെങ്കിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ നിന്നും പുക ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. കൊച്ചിയിലെ നഗരപ്രദേശങ്ങളിൽ ഇന്ന് രാവിലെയും പുക പടർന്നു. അതേ സമയം പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്‌റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും.

നാലുമീറ്റര്‍ വരെ താഴ്‌ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്‌നിരക്ഷ സേനാംഗങ്ങളുമാണ് സേവന രംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനുപുറമേ നേവിയുടെ എയര്‍ ഡ്രോപ്പിങ് ഓപ്പറേഷന്‍ ഇന്നും തുടരും.

കഴിഞ്ഞ ഏഴ് ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്‌താണ് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തുന്നത്. വായുവിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ലന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്.

കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞുവരുന്നുണ്ട്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം നഗരത്തിലെ മാലിന്യ നീക്കവും നിലച്ചിരിക്കുകയാണ്. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം വ്യാഴാഴ്‌ച മുതലാണ് നിലച്ചത്. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

മാലിന്യം കെട്ടിക്കിടക്കുന്നു :വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യം കെട്ടി കിടക്കുന്നത് ദുർഗന്ധത്തിനും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്. മാലിന്യ നീക്കത്തിന് താത്‌കാലിക ബദൽ സംവിധാനം ഏർപ്പെടുത്തിയതായാണ് ജില്ല ഭരണകൂടം അറിയിച്ചത്. എന്നാൽ ഇതുവരെയും മാലിന്യം ശേഖരിക്കുന്നത് തുടങ്ങിയിട്ടില്ല.

ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിലാണ് സ്ഥലം കണ്ടെത്തിയത്. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താത്‌കാലികമായി സംസ്‌കരിക്കുക. ഇതുസംബന്ധിച്ച് ജില്ല ഭരണകൂടം കൊച്ചി കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്. കോർപറേഷൻ, കിൻഫ്ര, ഫാക്‌ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക.

ഭക്ഷണ അവശിഷ്‌ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തത്‌കാലം ശേഖരിക്കില്ല. വർഷങ്ങൾക്ക് മുൻപ് സമാനമായ പ്രതിസന്ധി നേരിട്ടപ്പോൾ ഫാക്‌ടിന്‍റെ അമ്പലമേടുള്ള സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്. ഫാക്‌ട് ഈ സ്ഥലം പിന്നീട് കിൻഫ്രയ്ക്ക് കൈമാറിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : കൊച്ചിയിലെ സ്‌കൂളുകൾക്ക് ഇന്നും അവധിയാണ്. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്‍റെ ഭാഗമായാണ് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും നാളെയും ജില്ല ഭരണകൂടം അവധി നൽകിയത്. വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്‍റര്‍ഗാര്‍ട്ടന്‍, ഡേ കെയര്‍ സെന്‍ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ പ്രൊഫഷണൽ കോളജ് തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മാലിന്യ പ്ലാന്‍റിലെ തീപിടിത്തം : കോർപറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരം നാലുമണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ വർഷവും ബ്രഹ്മപുരത്ത് സമാനമായ തീപിടിത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി അന്തരീക്ഷത്തിൽ പുക ഉയരുന്നത് കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായി.

പലർക്കും ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം മാലിന്യം കുമിഞ്ഞ് കൂടുമ്പോൾ മനപ്പൂര്‍വം തീയിടുകയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു. എല്ലാ വർഷവും ബ്രഹ്മപുരത്ത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ തീപിടിത്തമുണ്ടാകുന്ന സാഹചര്യത്തിൽ ഇത് തടയാനുള്ള മുൻ കരുതൽ നടപടികളൊന്നും അധികൃതർ സ്വീകരിക്കാത്തതും തീപിടിത്തം ആവർത്തിക്കാൻ കാരണമായി. വർഷാവർഷങ്ങളില്‍ ഉണ്ടാകുന്ന വൻ തീപിടിത്തം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ച് കാര്യമായി ചർച്ച ചെയ്യപ്പെടുകയോ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്‌തിട്ടില്ല.

മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പ് കരാർ അവസാനിച്ചതിന്‍റെ പിറ്റേ ദിവസം തന്നെ തീപിടിത്തമുണ്ടായത് സംശയകരമാണെന്ന വിമർശനവും ഉയർന്നിരുന്നു. കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ബ്രഹ്മപുരത്ത് എത്തിച്ചാണ് സംസ്‌കരിക്കുന്നത്. എന്നാൽ ശാസ്‌ത്രീയമായി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം എന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു.

ഇതിനായി നിരവധി പദ്ധതികൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. ബ്രഹ്മപുരം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തീ നിയന്ത്രണ വിധേയമായതോടെ മാലിന്യവുമായി വാഹനങ്ങൾ ബ്രഹ്മപുരത്ത് എത്തിയെങ്കിലും നാട്ടുകാർ തടയുകയും തിരിച്ചയക്കുകയും ചെയ്‌തിരുന്നു.

Last Updated : Mar 9, 2023, 12:49 PM IST

ABOUT THE AUTHOR

...view details