എറണാകുളം: വിശ്വപ്രസിദ്ധമായ കലാരൂപമാണ് പാവകളി. തോല്‍പ്പാവകളുടെ നിഴലാട്ടത്തിലൂടെ പ്രാചീന കഥകളുടെ കല്‍പ്പനയും ഉണ്മയും തിരശീലയിൽ മിന്നിമറയുന്ന അത്ഭുതം. മീശമാധവൻ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് നിഴൽ പാവക്കൂത്ത്.
കേരളത്തിൽ ഈ കലാരൂപം അന്യം നിന്ന് പോകാതിരിക്കാനുള്ള പോരാട്ടത്തിലാണ് ഒരു കലാകാരൻ. അധ്യാപന തൊഴിൽ വേണ്ടെന്ന് വച്ച് കലയുടെ വഴിയെ സഞ്ചരിക്കുന്ന രാജീവ് പുലവൂർ. സ്ക്രീനിന്‍റെ മുന്നിൽ കാണുന്ന ഈ ദൃശ്യവിസ്‌മയം പ്രേക്ഷകനും മുന്നിൽ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് ഇദ്ദേഹം പറയുന്നു. കർട്ടന്‍റെ പിന്നിൽ കഥയുടെ ശബ്‌ദവഴിയിൽ പാവകൾ കൃത്യമായി പ്രേക്ഷകരോട് സംവദിക്കണം. അതിന് മാസങ്ങളോളം പരിശ്രമം അത്യാവശ്യമെന്ന് രാജീവ് പുലവൂർ പറഞ്ഞുവയ്‌ക്കുന്നു.
മനുഷ്യന്‍റെ ഉൽപത്തിയുടെ കാലം മുതൽ പ്രചാരത്തിലുള്ള കലാരൂപമാണ് നിഴൽ പാവക്കൂത്ത്. കേരളത്തിൽ ഈ കലാരൂപം അന്യം നിന്ന് പോകാതെ പോരാടി നിലനിർത്തുകയാണ് രാജീവ് പുലവൂർ. നിഴൽ പാവക്കൂത്തിന്‍റെ ഒരു വേദിയിലേക്ക് ഇ ടി വി ഭാരത് സംഘം ക്ഷണം സ്വീകരിച്ച് എത്തുമ്പോൾ തിരശീലയിൽ ആശാന്‍റെ ചണ്ഡാലഭിക്ഷുകി ഒരുങ്ങുകയാണ്.
ഏകദേശം എട്ടോളം കലാകാരന്മാർ അൻപതോളം പാവകളുമായി ഒരു ചെറിയ ബോക്‌സിനുള്ളിൽ ഒതുങ്ങി നിൽക്കുന്നു. കോട്ടൺ തുണി വലിച്ചു കെട്ടിയ ഒരു തിരശീല മുന്നിൽ കാണാം. ബോക്‌സിനുള്ളിൽ നിന്നും പ്രകാശവും നിഴലും കോട്ടൺ തുണിയിലൂടെ കടന്നുവരത്തക്ക രീതിയിൽ എണ്ണ വിളക്കുകൾ കത്തിനിൽക്കുന്നു. ആധുനിക കാലത്ത് ബാക്ക് പ്രൊജക്ഷൻ പോലുള്ള നൂതന സാങ്കേതിക വിദ്യയാണ് നിഴൽ പാവക്കൂത്തിൽ പ്രേക്ഷകർക്ക് കാഴ്‌ച മിഴിവേകുന്നത്.
കേരളത്തിന്‍റെ ചരിത്രവും വിഖ്യാത സാഹിത്യകാരന്മാരുടെ സൃഷ്‌ടികളുമാണ് പൊതുവേ ഇപ്പോൾ പാവക്കൂത്തിന് ആധാരം. എന്നാൽ പാവക്കൂത്ത് മലയാള മണ്ണിൽ കാലുകുത്തുന്നതിന് ഒരു ചരിത്രമുണ്ട് പുരാണത്തിൽ. ദാരികനും ദുർഗാദേവിയും ആയുള്ള അതിഭീകര യുദ്ധം. അതേസമയം തന്നെയാണ് രാമ - രാവണ യുദ്ധവും അരങ്ങേറുന്നത്. ദുഷ്‌ടൻ എന്ന് മുദ്രകുത്തപ്പെട്ട രാവണനെ രാമൻ വധിച്ച വീര നിമിഷം ദേവിക്ക് ദർശിക്കാൻ ആകാതെ പോയി.