എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് നോഡൽ ഓഫിസർ ഡോ. ഫത്താഹുദീൻ. സ്ഥാപനത്തെ തകർക്കുക എന്ന ഉദ്ദേശമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മെഡിക്കൽ കോളജ് അധികൃതരും വ്യക്തമാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചത് വെന്‍റിലേറ്റർ മാറിക്കിടന്ന് ഓക്സിജൻ ലഭിക്കാതെയെന്ന ആരോപണം ശരിയല്ല. ഫോർട്ട് കൊച്ചി സ്വദേശിയായ ഹാരിസിന്‍റെ മരണ കാരണം ഹൃദയാഘാതമാണെന്നും ഡോ. ഫത്താഹുദീൻ കളമശ്ശേരി മെഡിക്കൽ കോളജിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നുള്ള പ്രചാരണം സ്ഥാപനത്തെ തകർക്കുക എന്ന ആസൂത്രിത ഉദ്ദേശത്തോടെയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.സതീഷ് ആരോപിച്ചു. മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർ ജലജ ദേവിയുടേതായി പുറത്തു വന്ന ഓഡിയോ സന്ദേശവും ജീവനക്കാരുടെ അനാസ്ഥ പുറത്തുപറഞ്ഞ ഡോക്ടർ നജ്മയുടെ വാദവും തള്ളിക്കൊണ്ടാണ് ഇരുവരുടെയും വിശദീകരണം. നഴ്സിങ് ഓഫിസർ ഹാരിസ് എന്ന രോഗിയെ കണ്ടിട്ടില്ല. ഇവർ കൊവിഡ് കെയർ ടീമിലില്ലെന്നു മാത്രമല്ല, ഐസിയുവിൽ പോയിട്ടുമില്ലാത്തയാളാണ്. നഴ്സിങ് ഓഫിസറുടെ ഓഡിയോ സന്ദേശം ശരിവച്ചത് ജൂനിയർ ഡോക്ടറാണ്. ഹൃദയാഘാതം വന്ന് എത്രയോ രോഗികൾ മരിക്കുന്നുണ്ട് എന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഡോ. ഫത്താഹുദീന്‍റെ മറുപടി.