എറണാകുളം: കൊച്ചി നമ്പർ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിനെ ക്രൈംബ്രാഞ്ച് നാളെ വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ അന്വേഷണ സംഘം അഞ്ജലിയോട് ആവശ്യപ്പെട്ടു. ഫോണുകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഞ്ജലിയെ മൂന്ന് മണിക്കൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. അവർ നൽകിയ മൊഴി വിശദമായി പരിശോധിച്ചാണ് നാളെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്നലെ കൊച്ചിയിലെ പോക്സോ കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനെത്തിയപ്പോൾ ക്രൈം ബ്രാഞ്ച് അവർക്ക് നേരിട്ട് നോട്ടീസ് നൽകുകയായിരുന്നു.
ഇന്നലെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഈ കേസിൽ ഹൈക്കോടതി നേരത്തെ അഞ്ജലിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയേയും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2021 ഒക്‌ടോബർ 20ന് റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. അഞ്ജലിയുടെ പ്രേരണയെ തുടർന്നാണ് ഹോട്ടലിലെത്തിയതെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.
Also Read: ലഹരി പാഴ്സലായി, പണം ക്രിപ്റ്റോ കറൻസി വഴി: അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്