വിഷ്‌ണുവിന്‍റെയും ലക്ഷ്‌മിയുടെയും പാട്ടുവീട് എറണാകുളം : ഒരു കലാസൃഷ്‌ടിയുടെ പൂർണമായ സൗന്ദര്യം പ്രേക്ഷകന് അനുഭൂതിയായി മാറുക അതിന്‍റെ ആസ്വാദന തലം കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടുതന്നെ കോൺസെപ്റ്റ് തിയേറ്ററുകളുടെ ആശയം ലോകമെമ്പാടും സ്വീകാര്യത ഉള്ളതാണ്. പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ കലാകാരന്മാരെ വളർത്തുന്നത് ഇത്തരം കോൺസെപ്റ്റ് തിയേറ്ററുകൾ ആണെന്ന് നിസംശയം പറയാം.
പക്ഷേ നമ്മുടെ നാട്ടിൽ ഇത്തരം തിയേറ്ററുകളുടെ വളർച്ച മന്ദഗതിയിലാണ്. എന്നാൽ ഇനി കലയെ പരിപോഷിപ്പിക്കാനും കലാസ്വാദനത്തിന്‍റെ പുതിയ തലം പ്രേക്ഷകർക്ക് സമ്മാനിക്കാനും കേരളത്തിൽ നിസർഗയുണ്ട്. എറണാകുളം നഗര ഹൃദയത്തിൽ നിന്ന് കൃത്യം 35 കിലോമീറ്റർ ദൂരം പിന്നിട്ട്, അങ്കമാലി വഴി ആഴകത്ത് എത്തിയാൽ കൗതുകം ഉണർത്തുന്ന കലയുടെ ഒരു ഈറ്റില്ലം ദർശിക്കാം (Nisarga art hub in Angamaly).
കർണാടിക് സംഗീതജ്ഞരായ വിഷ്‌ണു ദേവ് - ലക്ഷ്‌മി ദമ്പതികളുടെ സ്വപ്‌ന ഭവനമാണിത് - നിസർഗ. സ്വന്തമായി ഒരു മൺ വീട് നിർമ്മിക്കണമെന്ന് ആഗ്രഹമുള്ളവരായിരുന്നു ഇരുവരും. സംഗീത കലയുടെ ലാളിത്യ കൂടാരം ആയിരിക്കണം തങ്ങളുടെ ഭവനം എന്നും ഇരുവർക്കും നിർബന്ധം ഉണ്ടായിരുന്നു (Nisarga Art Hub Music Home At Angamaly).
അങ്ങനെ തങ്ങളുടെ ആവശ്യം പ്രമുഖ ആർക്കിടെക്‌ട് ആയ വിനു വി ഡാനിയേലിനെ വിഷ്‌ണു ദേവും ലക്ഷ്‌മിയും അറിയിച്ചു. അദ്ദേഹത്തിന്‍റെ സൃഷ്‌ടി ആണ് നിസർഗ എന്ന ഈ ആർട്ട് ഹബ്. കലാപ്രകടനങ്ങൾ അരങ്ങേറ്റി അത് ആസ്വദിക്കാൻ വീടിന്‍റെ മേൽക്കൂരയിൽ തന്നെ സൗകര്യവുമൊരുക്കി സവിശേഷ ഇടമാക്കി.
ഓടുകൾക്കിടയിൽ കട്ടിയുള്ള സുതാര്യ കണ്ണാടികൾ കൊണ്ടാണ് ഇരിപ്പിടം നിർമിച്ചിരിക്കുന്നത്. ഉള്ളിൽ പ്രകാശമെത്തിക്കാനുള്ള സ്‌കൈലൈറ്റ്, ടഫൻഡ് സാൻവിച്ച് ഗ്ലാസുപയോഗിച്ച് ഇരിപ്പിടമാക്കി മാറ്റി. ആളുകളുടെ ഭാരംതാങ്ങാൻ കഴിയുന്ന വിധത്തിൽ മേൽക്കൂരയിൽ ജിഐ റാഫ്റ്റേഴ്‌സ് ഘടിപ്പിച്ചാണ് ഓട് വിരിച്ചത്.
READ ALSO:ഗൃഹപ്രവേശത്തിനൊരുങ്ങി 'ആച്ച കോച്ച്'; ട്രെയിന്‍ വീടിന് പച്ചക്കൊടി വീശാന്‍ ദാമോദരനും
വീടിനോട് ചേർന്ന് ഒരു ജലാശയം വേണമെന്ന ആഗ്രഹവും ലക്ഷ്‌മിക്കും വിഷ്‌ണു ദേവിനും ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം വീടിന് മുന്നിൽ തന്നെ ഒരു കൃത്രിമ ജലാശയം നിർമാതാക്കൾ ഒരുക്കി നൽകി. കലാപരിപാടികൾ അരങ്ങേറുമ്പോൾ ഒരു ഡിറ്റാച്ചബിൾ ബ്രിഡ്‌ജ് ജലാശയത്തിനുമുകളിൽ സ്ഥാപിക്കാം. കലയുടെ അനന്തര ലോകത്തിൽ തിളക്കമുള്ള ഒരു പ്രസ്ഥാനമായി നിസർഗയെ വളർത്തണമെന്നാണ് ഇരുവരുടെയും ആഗ്രഹം.