കൊച്ചി:പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് ഇതുവരെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലാബ് പരിശോധന ഫലം ലഭിക്കാതെ രോഗം സ്ഥിരീകരിക്കാന്‍ കഴിയില്ല.
നിപ സ്ഥിരീകരിച്ചിട്ടില്ല, 86 പേര്‍ നിരീക്ഷണത്തില്‍: ആരോഗ്യ മന്ത്രി - k k shailaja
"പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അന്തിമ പരിശോധന ഫലം ലഭിക്കാതെ രോഗം സ്ഥിരീകരിക്കാന്‍ കഴിയില്ല"
രോഗിയുമായി നേരിട്ട് ഇടപെട്ട 86 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗ ലക്ഷണം കണ്ടെത്തിയാല്‍ ഉടനടി നടപടി കൈക്കൊള്ളും. നിപ വൈറസ് സംശയത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി അടിയന്തരമായി കൊച്ചിയിലെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ആരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തില്‍ മന്ത്രി യോഗം കൂടി. വൈറസ് ബാധയെ പ്രതിരോധിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചതായി യോഗ ശേഷം മന്ത്രി പറഞ്ഞു. നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 1077 എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്ക് സംശയ നിവാരണം നടത്താം. ആരോഗ്യ വകുപ്പിന്‍റെ ദിശ സെന്‍ററില്‍ നിന്ന് 1056 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കും. നിപ വൈറസ് ബാധിതരെ ചികിത്സിക്കാനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേകം വാര്‍ഡ് തുറന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. സമീപ ജില്ലകളിലും ആവശ്യമെങ്കില്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി.
അനാവാശ്യ പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ ഭീതിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. അത്തര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കോഴിക്കോട് നിപ വൈറസ് ബാധ കാലത്ത് ഇത്തരം പ്രചാരണം നടത്തിയ 25 പേര്‍ക്കെതിരെ കേസെടുത്ത കാര്യം മന്ത്രി ഓര്‍മിപ്പിച്ചു.