എറണാകുളം: ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്ത കണ്ടുപിടിത്തങ്ങൾ നടത്തിയാണ് പലരും വാർത്തകളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ കൊച്ചി പള്ളുരുത്തി സ്വദേശിയായ ഒൻപതാം ക്ലാസുകാരന്‍റെ കണ്ടുപിടിത്തം കുറച്ച് വലുതാണ്. ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം സഫലീകരിക്കാൻ സ്വയം ബൈക്ക് നിർമ്മിച്ചാണ് ഹർഷാദ് എന്ന ഒൻപതാം ക്ലാസുകാരൻ ലോക്ക് ഡൗൺ കാലത്തെ വേറിട്ടതാക്കിയത്. ഒറ്റ നോട്ടത്തിൽ ഒരു സൈക്കിളാണെന്ന് തോന്നുമെങ്കിലും സംഗതി ഒന്നാന്തരം മോട്ടോർ സൈക്കിൾ തന്നെയാണ്. ഒന്നര മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. വീട്ടിലെ ഷെഡിൽ നിന്നും ജിഐ പൈപ്പ് മുറിച്ചെടുത്ത് നിർമാണം തുടങ്ങിയപ്പോൾ വീട്ടുകാരിൽ നിന്ന് ലഭിച്ചത് ശകാര വർഷമായിരുന്നു. എന്നാൽ സംഗതി കുട്ടികളിയെല്ലന്ന് ബോധ്യപ്പെട്ടതോടെ അവരും പൂർണ പിന്തുണ നൽകി.
ബൈക്ക് ഓടിക്കാൻ പൂതി; സ്വന്തമായി ബൈക്ക് നിർമിച്ച് ഒൻപതാം ക്ലാസുകാരൻ - kochi native harshad news
ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ബൈക്ക് നിർമിച്ച് വ്യത്യസ്‌തനായിരിക്കുകയാണ് പള്ളുരുത്തി സ്വദേശിയും ഒൻപതാം ക്ലാസുകാരനുമായ ഹർഷാദ്
![ബൈക്ക് ഓടിക്കാൻ പൂതി; സ്വന്തമായി ബൈക്ക് നിർമിച്ച് ഒൻപതാം ക്ലാസുകാരൻ ബൈക്ക് നിർമിച്ച് ഒൻപതാം ക്ലാസുകാരൻ എറാണുകളം വാർത്ത ലോക്ക് ഡൗൺ വാർത്തകൾ ബൈക്ക് നിർമാണം വാർത്ത bike invention news ninth standard student harshad news kochi native harshad news lock down news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7596702-451-7596702-1592027670911.jpg)
പള്ളുരുത്തിയിൽ പിതാവ് ഹാഷിം നടത്തുന്ന വർക്ക് ഷോപ്പിൽ നിന്നാണ് ബൈക്ക് നിർമാണത്തിന്‍റെ സാങ്കേതിക പാഠങ്ങൾ ഹർഷാദ് മനസിലാക്കിയത്. ഒഴിവ് സമയങ്ങളെല്ലാം പിതാവിന്‍റെ വർക്ക് ഷോപ്പിലാണ് ഹർഷാദ് ചെലവഴിക്കുന്നത്. സ്വന്തമായി ബൈക്ക് നിർമിക്കണമെന്ന ആഗ്രഹം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് ക്ലാസ് മുടങ്ങിയതോടെയാണ് സമയം ലഭിച്ചതെന്ന് ഹർഷാദ് പറഞ്ഞു. ഇത്രയും ഭംഗിയിൽ നിർമിക്കാൻ കഴിയുമെന്ന് താൻ തന്നെ കരുതിയിരുന്നില്ല. സുഹൃത്തുകളും അധ്യാപകരും നാട്ടുകാരുമെല്ലാം അഭിനന്ദനമറിയിച്ചു. നാട്ടുകാർക്ക് കൂടി ഉപകാരമാകുന്ന ഇലക്‌ട്രോണിക്ക് ട്രോളി നിർമിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഹർഷാദ് പറഞ്ഞു.
സീറ്റും ഹാൻഡിലുമായി ബന്ധിപ്പിക്കുന്ന പൈപ്പാണ് ഹർഷാദിന്‍റെ കുഞ്ഞൻ ബൈക്കിന്‍റെ പെട്രോൾ ടാങ്ക്. ഒരു ലിറ്ററാണ് ഈ ടാങ്കിന്‍റെ സംഭരണ ശേഷി. ഒരു ലിറ്ററിന് 45 -50 കിലോമീറ്റർ മൈലേജാണ് ഹർഷാദ് ഉറപ്പ് നൽകുന്നത്. തന്‍റെ മുത്തച്ഛന്‍റെ പ്രവർത്തനരഹിതമായി കിടന്ന ബൈക്കിന്‍റെ എഞ്ചിനാണ് ഈ ബൈക്കിൽ ഹർഷാദ് ഉപയോഗിച്ചത്. അനുബന്ധ പാർട്‌സുകളെല്ലാം പിതാവിന്‍റെ കടയിൽ നിന്നു തന്നെ സംഘടിപ്പിക്കുകയായിരുന്നു. സ്വന്തമായി ബൈക്ക് നിർമിച്ച് താരമായതോടെ നാട്ടുകാർക്ക് മുന്നിലൂടെ അഭിമാനത്തോടെ ബൈക്ക് യാത്ര നടത്തുകയാണ് ഹർഷാദ്. പള്ളുരുത്തിയിലെ ഇടവഴികളിലൂടെയും റോഡുകളിലൂടെയും സ്വന്തം ബൈക്കിൽ പാഞ്ഞ് പോകുന്ന ഹർഷാദിനെ കൗതുകത്തോടെയാണ് നാട്ടുകാർ വീക്ഷിക്കുന്നത്.