എറണാകുളം : യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേർക്കുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്‌ത നിമിഷ പ്രിയയുടെ (Nimisha Priya Kerala nurse on death row in Yamen) അമ്മ, മകളുടെ മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്. സൻആയിലെ ജയിലിൽ കഴിഞ്ഞ അഞ്ചു വർഷമായി കഴിയുന്ന മകളെ കാണണം. കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന സഹോദരന്‍റെ കുടുംബത്തെ കാണണം. അവർ തന്‍റെ മകൾക്ക് മാപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേമകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു.
യമനിലേക്ക് പോകാൻ അനുവാദം നൽകണമെന്ന അമ്മയുടെയും നിമിഷ പ്രിയ സേവ് ഫോറത്തിന്‍റെയും അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു മകളുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിച്ചും യമനിൽ പോകാൻ അനുമതി തേടിയും അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് (Kerala nurse on death row in Yamen Nimisha Priya s mother s plea to visit her). കേന്ദ്ര സർക്കാർ ഇതിനെ എതിർത്തെങ്കിലും അമ്മയുടെ വാദം പരിഗണിച്ച് യമനിൽ പോകുന്നവരുടെ പട്ടിക നൽകാൻ കോടതി നിർദേശം നൽകിയിരുന്നു.
കോടതിയുടെ ഈ ഇടപെടലിലും നിമിഷ പ്രിയയുടെ അമ്മ പ്രതീക്ഷ പുലർത്തുകയാണ്. കോടതി അനുവാദം നൽകിയാൽ താനും നിമിഷയുടെ പതിനൊന്ന് വയസുള്ള മകളും യമനിലേക്ക് പോകും. ആ കുടുംബം തന്നെയും മകളെയും കൈവിടില്ലെന്ന് പ്രതീക്ഷിക്കുകയാണ് അവർ.
'അവള്‍ ആരെയും കൊന്നിട്ടില്ല...': സ്വന്തം കിടപ്പാടം പോലും വിറ്റ് മകളുടെ മോചനത്തിനായി പോരാട്ടം തുടരുന്ന അമ്മ പ്രേമകുമാരിക്ക് പലപ്പോഴും വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൊച്ചിയിൽ വീട്ടുജോലിക്കാരിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഈ അമ്മയുടെ നിസഹായവസ്ഥ ആരുടെയും കരളലയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരോ നിമിഷവും വധ ശിക്ഷയ്ക്ക് വിധിച്ച മകളെ കുറിച്ച് ഓർത്ത് മനസ് നീറി പുകയുകയാണ്.
മകൾ തന്നോട് പറഞ്ഞിട്ടുണ്ട് താൻ ആരെയും കൊന്നിട്ടില്ലെന്ന്. അവൾക്ക് ആരെയും കൊലപ്പെടുത്താൻ കഴിയില്ല. വിചാരണ കോടതിയിൽ ഒരു അഭിഭാഷകനെ വച്ച് തന്‍റെ നിരപരാധിത്വം തെളിയിക്കാൻ മകൾക്ക് കഴിഞ്ഞില്ല. അന്ന് അമ്പതിനായിരം രൂപ മകൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയാത്തത് ദുഃഖത്തോടെ അമ്മ ഓർമിക്കുകയാണ്.
സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കിപ്പോഴും അറിയില്ല. ഈയൊരു സമയത്ത് തന്‍റെ മകളെ ന്യായീകരിക്കാൻ തയാറാകുന്നില്ല. യമനിലെത്തിയാൽ തന്‍റെ മകളെ കാണുന്നതിന് മുമ്പ് കൊലചെയ്യപ്പെട്ട സഹോദരന്‍റെ കുടുംബത്തെ കാണണം. ഇത്രയും നാൾ തന്‍റെ മകൾക്ക് ജീവിക്കാൻ അവസരം നൽകിയ യമൻ എന്ന രാജ്യത്തോടും തനിക്ക് കടപ്പാടുണ്ടെന്ന് വേദനകൾ കടിച്ചിറക്കി ഹൃദയം പൊട്ടുന്ന വേദനയിൽ പ്രേമകുമാരി പറഞ്ഞു.
താൻ വിഷമിക്കുന്നത് കാണാൻ ചെറുപ്പം മുതൽ മകൾക്ക് ഇഷ്ട്ടമായിരുന്നില്ല. അതിനാൽ യമനിൽ നിന്നും അവൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും തന്നിൽ നിന്നും മറച്ചുവക്കുകയായിരുന്നു. ഏറ്റവും അവസാനമായി വിളിച്ചപ്പോൾ പറഞ്ഞത് ഏറെ വിഷമത്തിലാണെന്നാണ്. മരിക്കുകയാണെങ്കിലും താൻ നിരപരാധിയാണെന്ന സത്യം ലോകമറിയണമെന്നും നിമിഷ പ്രിയ പറഞ്ഞിരുന്നു.