എറണാകുളം:മാവോയിസ്റ്റ് ബന്ധത്തിന് യു എ പി എ പ്രകാരം രണ്ട് പേർ കോഴിക്കോട് അറസ്റ്റിലായ കേസ് എൻ ഐ എ ഏറ്റെടുത്തു. കേസന്വേഷിക്കുന്ന എൻ ഐ എ സംഘം നാളെ കോഴിക്കോടെത്തും. എൻ ഐ എ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുക. കേരള പൊലീസ് അന്വേഷിക്കുന്ന കേസ് എൻ ഐ എ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. യു എ പിഎ നിയമത്തിലെ നേരിട്ട് കേസ് ഏറ്റെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് അധികാരം നൽകുന്ന വകുപ്പുകൾ അനുസരിച്ചാണ് പന്തീരങ്കാവ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.
പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എൻ ഐ എ ഏറ്റെടുത്തു
അറസ്റ്റിലായ അലന്‍റെയും, താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.
അറസ്റ്റിലായ അലന്‍റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഈ കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച തെളിവുകൾ ഉൾപ്പടെ ശേഖരിച്ചായിരിക്കും എൻ ഐ എ അന്വേഷണം നടത്തുക. പ്രതികൾക്ക് ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റു ഗ്രൂപ്പുകളുമായുള്ള ബന്ധം, ആശയവിനിമയത്തിന് പ്രതികൾ മാവോയിസ്റ്റ് ശൈലിയിൽ കോഡ് ഭാഷകൾ ഉപയോഗിച്ചത് ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. വ്യക്തമായ തെളിവുകൾ ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിൽ തന്നെയാണ് പൊലീസ് തുടക്കത്തിൽ യു എ പി എ ചുമത്തിയതെന്ന് സൂചനയുണ്ടായിരുന്നു.