എറണാകുളം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നും എൻഐഎ സംഘം ഇന്നലെ അർധരാത്രിയാണ് റൗഫിനെ അറസ്റ്റുചെയ്‌തത്. വീട് വളഞ്ഞാണ് എൻഐഎ സംഘം റൗഫിനെ കസ്റ്റഡിയിലെടുത്തത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവിൽ പോവുകയായിരുന്നു. കർണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾക്കെതിരെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളെയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തല്‍.
കഴിഞ്ഞ ആഴ്‌ച റൗഫിന്‍റെ വീട്ടിൽ എൻഐഎ സംഘം റെയ്‌ഡ് നടത്തുകയും ചില ലഘുലേഖകൾ കണ്ടെത്തുകയും ചെയ്‌തു. തുടര്‍ന്നാണ് ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താൻ എൻഐഎ അന്വേഷണം വ്യാപകമാക്കിയത്. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് അന്വേഷണ സംഘം പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ചിട്ടുണ്ട്. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ യുഎപിഎ പ്രകാരം ചുമത്തിയ കേസിൽ റൗഫിനെയും പ്രതി ചേർത്തിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് എൻഐഎ ഉന്നയിച്ചത്. റൗഫ് ഉൾപ്പടെയുള്ള പ്രതികൾ അൽ ഖ്വയിദ, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ചുവെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ച് റൗഫ് ഒളിവിൽ പോയി. ഹർത്താലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലും ഇദ്ദേഹം പ്രതിയാണ്.