എറണാകുളം: പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് (Newborn Baby Body Found Incident Perumbavoor Police intensified-investigation). കുഞ്ഞിന്‍റെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പെരുമ്പാവൂർ പൊലീസ്.
അതേസമയം കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം നടത്തും. മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകൾ ഇല്ലെന്ന് നേരത്തെ ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. ഞായറാഴ്‌ച (ഒക്‌ടോബർ 09) വൈകുന്നേരം ആറ് മണിയോടെയാണ് ഇരുപത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. മുടിക്കൽ ഇരുമ്പു പാലത്തിന് സമീപം തോടിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തുന്നത്. നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്.
'അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും': ചെങ്ങന്നൂർ മുളക്കുഴയിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ പത്തനംതിട്ടയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ഓമല്ലൂരിലെ 'തണൽ' സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് വാർത്തയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെയാണ് ഡിസ്‌ചാർജിന് പിന്നാലെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.
ഏപ്രിൽ നാലാം തിയതി ആയിരുന്നു അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. ജനിച്ച ഉടൻ തന്നെ ഇവർ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവത്തെക്കുറിച്ചും നവജാത ശിശുവിനെ ഉപേക്ഷിച്ചതിനെ കുറിച്ചും ഡോക്‌ടറോട് വെളിപ്പെടുത്തി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.