എറണാകുളം: ആട്, പശു, കോഴി, താറാവ്, തേനീച്ച, മത്സ്യം എന്നിവയുടെ പരിചരണമേറ്റെടുത്ത് നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടം പുതിയ ചരിത്രം സൃഷ്‌ടിക്കുന്നു. വൈവിധ്യമാർന്ന കൃഷികൾക്ക് പേരുകേട്ട നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ സമീപകാലത്താണ് മൃഗപരിപാലനത്തിലും കൂടി കയ്യൊപ്പ് പതിപ്പിക്കുന്നത്.
സംയോജിത കൃഷിയുടെ മികച്ച മാതൃകയായി നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടം സംസ്ഥാന സർക്കാരിന്‍റെ 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പദ്ധതിയില്‍ 400 കോഴി, 250 തറാവ്, 60 ആടുകൾ, 20 പശുക്കൾ, മുന്നൂറോളം തേനീച്ചപ്പെട്ടികൾ, രണ്ടായിരത്തോളം മത്സ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. തനി നാടൻ മുതൽ വിദേശ ഇനങ്ങൾ വരെയാണ് ഓരോ ബ്ലോക്കിലുമുള്ളത്. ഫാമിലെ മാലിന്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പച്ചക്കറി മാലിന്യങ്ങൾ കോഴി, താറാവ് എന്നിവക്കും ഇവയുടെ കാഷ്‌ഠം മത്സ്യങ്ങൾക്ക് ഭക്ഷണമായും ഉപയോഗിക്കുന്നു. മുന്നൂറോളം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ജില്ലാ കൃഷിത്തോട്ടം 14 ബ്ലോക്കുകളാക്കി തിരിച്ചാണ് കൃഷികൾ ചെയ്യുന്നത്.
തോമസ് സാമുവൽ ജില്ലാ കൃഷിത്തോട്ടത്തിന്‍റെ സൂപ്രണ്ടായി ചുമതലയേറ്റതോടെയാണ് സംയോജിത കൃഷിയിൽ പരീക്ഷണങ്ങൾ ആരംഭിച്ചത്. വന്യമൃഗങ്ങൾ താവളമാക്കിയിരുന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുകയും വെറുമൊരു കൃഷിത്തോട്ടമായിരുന്ന ഇവിടം ഫാം ടൂറിസത്തിന്‍റെ വേറിട്ട മാതൃകയാക്കി മാറ്റുകയും ചെയ്‌തത് തോമസ് സാമുവലിന്‍റെ നേതൃപാടവത്തിലാണ്. സംയോജിത കൃഷിയിലൂടെ ഒരു ഫാമിനെ വളർച്ചയുടെ മുഖ്യധാരയിലെത്തിക്കാൻ സാധിക്കുമെന്ന് തോമസ് പറയുന്നു. കാടുപിടിച്ച് ചതുപ്പായി കിടന്ന സ്ഥലം വെട്ടി ഒരുക്കിയാണ് മത്സ്യക്കുളം നിർമിച്ചിരിക്കുന്നത്. മുന്നൂറോളം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ജില്ലാ കൃഷിത്തോട്ടം 14 ബ്ലോക്കുകളാക്കി തിരിച്ചാണ് കൃഷികൾ ചെയ്യുന്നത്.
മുന്നൂറോളം തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരുടെ കൂട്ടായ പരിശ്രമമാണ് ജില്ലാ കൃഷിത്തോട്ടത്തിന്‍റെ വളർച്ചയുടെ കാതൽ. മൃഗപരിപാലനത്തിന് പ്രത്യേകം പരിശീലനം നേടിയ തൊഴിലാളികളെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്.