എറണാകുളം: നേതൃമാറ്റമെന്ന ആവശ്യം ശക്തമാകുന്നതിനിടെ എൻ.സി.പി സംസ്ഥാന ഭാരവാഹി യോഗം കൊച്ചിയിൽ ആരംഭിച്ചു. നാല് സീറ്റ് തന്നെ വേണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ടി.പി.പീതാംബരൻ മാസ്റ്റർ യോഗത്തില്‍ അറിയിച്ചു. അതേസമയം പാല നഷ്ടമാക്കിയത് നേതൃത്വത്തിന്‍റെ കഴിവുകേടാണെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. മാണി സി കാപ്പൻ വിഭാഗം പാർട്ടി വിട്ട ശേഷം ചേരുന്ന ആദ്യ യോഗമാണിത്.
നാല് സീറ്റിലുറച്ച് എന്‍സിപി; ഭാരവാഹി യോഗം കൊച്ചിയില്‍ - ഭാരവാഹി യോഗം കൊച്ചിയില്‍
എന്‍സിപി ഭാരവാഹി യോഗം കൊച്ചിയില്‍ ആരംഭിച്ചു. നാല് സീറ്റ് ആവശ്യപ്പെട്ടതായി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. എന്നാല്‍ പാല നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തെത്തി.
എ.കെ.ശശീന്ദ്രൻ വിഭാഗം മാണി സി കാപ്പനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരൻ മാസ്റ്റർ മാണി സി കാപ്പനെ അനുകൂലിക്കുന്ന നിലപാടാണ് അവസാന നിമിഷം വരെ സ്വീകരിച്ചത്. ഇടതുമുന്നണിയില്‍ തന്നെ തുടരണമെന്ന ദേശീയ നേതൃത്വത്തിന്‍റെ നിലപാട് കൊണ്ട് മാത്രമാണ് പീതാംബരൻ മാസ്റ്റർ പാർട്ടിയില്‍ തുടരുന്നത് എന്നാണ് ശശീന്ദ്രന്‍ വിഭാഗം ആരോപിക്കുന്നത്. അതിനാല്‍ ടി.പി. പീതാംബരൻ മാസ്റ്ററെ മാറ്റി പുതിയൊരു പ്രസിഡന്‍റ് വരട്ടെയെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം നേതൃമാറ്റം ചർച്ചാ വിഷയമല്ലെന്നായിരുന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍റെ പ്രതികരണം. എൻസിപിയിൽ നേതൃമാറ്റമെന്ന പ്രചാരണം ഭാവന സൃഷ്ടി മാത്രമാണ്. പാർട്ടിയിൽ ഇതുവരെ ആരും നേതൃമാറ്റം ആവശ്യപെട്ടിട്ടില്ല. മാണി സി കാപ്പൻ അവകാശപെട്ടതു പോലെ പാർട്ടിയിൽ നിന്നാരും പോയിട്ടില്ല. സീറ്റ് വിഷയം സംബന്ധിച്ച് പാർട്ടി യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.