എറണാകുളം: ദേശീയപാത വികസനത്തിന് ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ ദൈവം നമുക്ക് മാപ്പു നൽകുമെന്ന് ഹൈക്കോടതി. ദേശീയ പാത വികസനത്തിന് കൊല്ലം ജില്ലയിൽ ആരാധനാലയങ്ങളെ ഒഴിവാക്കി ഭൂമി ഏറ്റെടുക്കാനായി അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഉമയനല്ലൂർ, തഴുത്തല മേഖലകളിലെ റോഡരികിലുള്ള ചില ആരാധനായലങ്ങളെ ഒഴിവാക്കാൻ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നും ഇതിലൂടെ തങ്ങളുടെ ഭൂമി നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഈ വാദങ്ങളിൽ കഴമ്പില്ലെന്ന ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വിശദീകരണം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജികൾ തള്ളിയത്.
'ദേശിയപാത വികസനം നടക്കണം'
ദേശീയപാതകൾക്ക് മതിയായ വീതിയുണ്ടാകണമെന്നും ഇതിനായി സ്ഥലമേറ്റെടുക്കുമ്പോൾ പള്ളിയോ ക്ഷേത്രമോ സ്‌കൂളോ തകരുമെന്ന പേരിൽ ഓരോ തവണയും കോടതി ഇടപെട്ടാൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാനാവാതെ വരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദേശീയപാത വികസനത്തിന് ഉമയനല്ലൂർ, തഴുത്തല മേഖലയിൽ നിലവിലുണ്ടായിരുന്ന അലൈൻമെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുത്താൻ രണ്ടു മുസ്ലീം പള്ളികളും ഒരു ക്ഷേത്രവും നഷ്ടമാകുമെന്നതിനാൽ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം.
ശ്രീകുമാരൻ തമ്പിയുടെ വരികൾ ഉദ്ധരിച്ച് കോടതി
ശ്രീകുമാരൻ തമ്പിയുടെ "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽ വിളക്കായ് കരളിലിരിക്കുന്നു." എന്ന പ്രസിദ്ധമായ എന്ന വരികളും വിധിന്യായത്തിൽ ഹൈക്കോടതി ഉദ്ധരിച്ചു. ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന അധികൃതരെയും ഈ വിധിന്യായമെഴുതുന്ന ജഡ്ജിയെയും ദൈവം രക്ഷിക്കും. ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
ALSO READ:അനന്യയുടെ സുഹൃത്ത് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍