ശബരിമല വിഷയത്തില്‍ ആരോപണങ്ങള്‍ വേട്ടയാടിയിട്ടും, തീര്‍ഥാടകര്‍ക്ക് മികച്ച സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിനെ ജനങ്ങള്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷൻ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ ഭരണം വിലയിരുത്തുന്നത് പൊലീസിന്‍റെ കൂടി മികവ് പരിഗണിച്ചാണ്. സര്‍ക്കാരിന്‍റെ പ്രതിപുരുഷന്മാരായിട്ടാണ് പൊലീസിനെ പൊതുജനം കാണുന്നത്. പൊലീസിൽ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. പൊലീസിന്‍റെ പ്രവർത്തനം 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നുവെന്ന് ഓർമ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ശേരിയിലെ പൊലീസ് സ്റ്റേഷൻ കൂടാതെ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പൻചോല, കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂർ, കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറൽ ജില്ലയിലെ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, വയനാട്ടിലെ കോണിച്ചിറ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, കണ്ണൂർ ജില്ലയിലെ ഡിഎൻഎ ലബോറട്ടറി,തിരുവനന്തപുരം റൂറൽ ജില്ലയിലെ മാറനല്ലൂർ എന്നീ പൊലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിര്‍വഹിച്ചു.