എറണാകുളം: വാഴക്കാലയിൽ കന്യാസ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കന്യാസ്ത്രീക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും ബന്ധുക്കൾ പറഞ്ഞതോടെയാണ് സംഭവത്തില്‍ ദുരൂഹത പുറത്തുവരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇടുക്കി സ്വദേശി ജസീന തോമസിനെയാണ് ഞായറാഴ്‌ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.
കന്യാസ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത - കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹത
ഇടുക്കി സ്വദേശി ജസീന തോമസിനെയാണ് ഞായറാഴ്‌ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്
മൂന്ന് വർഷമായി വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസിയാണ് ജസീന. 45 വയസുള്ള ജസീന തോമസിനെ കഴിഞ്ഞദിവസം ഉച്ചമുതൽ ആണ് മഠത്തിൽ നിന്നും കാണാതായത്. തുടർന്ന് മഠം അധികൃതർ പൊലീസിന് പരാതി നൽകുകയായിരുന്നു. 2011 മുതൽ മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നതായി പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ജസീന മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായി അറിവില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനെതുടർന്നാണ് സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.
കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം കണ്ടെത്തിയ കുളം ആഫ്രിക്കൻ പായൽ മൂടിയ നിലയിലാണ്. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദേഹത്ത് കാര്യമായ മുറിവുകളോ ചതവുകളോ ഇല്ല എന്നാണ് പൊലീസ് നൽകുന്ന വിവരം.