എറണാകുളം:മൂവാറ്റുപുഴയില്‍ റോഡില്‍ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വലിയ ഗര്‍ത്തം രൂപപ്പെട്ടു. എം.സി റോഡിൽ കച്ചേരിത്താഴം പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ ചൊവ്വാഴ്ച്ച (ഓഗസ്റ്റ് രണ്ട്) രാത്രി എട്ട് മണിയോടെയാണ് ചെറിയ രീതിയിൽ ഗർത്തം രൂപപ്പെട്ടത്. ബുധനാഴ്‌ച രാവിലെയോടെ വന്‍ ഗർത്തമായി മാറുകയായിരുന്നു.
മൂവാറ്റുപുഴയില്‍ റോഡില്‍ ആളുകളെ ഭീതിയിലാഴ്‌ത്തി വന്‍ ഗര്‍ത്തം രൂപപ്പെട്ടു പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് പഴയ രൂപത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന്, പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ബി.എസ്.എന്‍.എല്‍ കേബിളുകൾ കടന്നുപോകുന്ന കോൺക്രീറ്റ് ചേമ്പർ മണ്ണിലേക്ക് ഇരുന്നുപോയതാണ് കുഴി രൂപപ്പെടാന്‍ കാരണം.
പഴയ പാലത്തിന്‍റെ ഒരു വശത്തേയ്ക്ക് മാത്രം വാഹനങ്ങൾ കടത്തി വിടുന്നതിനാല്‍ നഗരത്തിൽ ബുധനാഴ്‌ച രാവിലെ മുതൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പി.ഡബ്ല്യു.ഡി, ബി.എസ്.എന്‍,എല്‍, ഫയർ ഫോഴ്‌സ്, റവന്യൂ, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ എത്രയും വേഗം പണികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം.എല്‍.എ പറഞ്ഞു.
കോൺക്രീറ്റ് ചേമ്പർ അതിസൂക്ഷ്‌മമായി, ബി.എസ്.എന്‍.എല്‍ കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാത്ത വിധം പൊട്ടിച്ചു മാറ്റുകയാണ് ഇതാണ്, പ്രവൃത്തി താമസം നേരിടാന്‍ കാരണം. ഗതാഗതകുരുക്കിനെ തുടർന്ന് മൂവാറ്റുപുഴ നഗരത്തിലേക്കുള്ള എല്ലാ റോഡുകളും തടസപ്പെട്ടിരിക്കുകയാണ്.