എറണാകുളം: മൂവാറ്റുപുഴയിൽ അമിതവേഗതയിലോടിച്ച ബൈക്ക് ഇടിച്ചു കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റിമാന്‍ഡില്‍. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും കോടതി നിർദേശം നൽകി.
അമിത വേഗതയിൽ ഇരുചക്ര വാഹനമോടിച്ചാൽ അപകടം സംഭവിക്കാമെന്ന് അറിയാവുന്ന പ്രതി, മുപ്പത് കിലോമീറ്റർ വേഗത നിശ്ചയിച്ച റോഡില്‍ അമിത വേഗതയിൽ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൻസണെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തതോടെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. വൈദ്യ പരിശോധന പൂർത്തിയാക്കിയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
പ്രതി സ്ഥിരമായി അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുന്നയാള്‍:മനഃപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിതിരെ കേസെടുത്തതെങ്കിലും അപകടത്തിൽ പരിക്കേറ്റത്തതിനാൽ പൊലീസ് നിരീക്ഷണത്തിൽ ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമം, ലഹരിയുപയോഗമുള്‍പ്പെടെ പതിനൊന്ന് കേസുകള്‍ നിലവിലുണ്ടന്ന് പൊലീസ് അറിയിച്ചു. സ്ഥിരമായി അമിത വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നയാളാണ് ആൻസൺ എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
പ്രതി ആന്‍സണ്‍ റോയിയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. രൂപമാറ്റം വരുത്തിയ ബൈക്കില്‍ സൈലന്‍സര്‍ ഘടിപ്പിക്കാത്ത നിലയിലും, വാഹനത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും, ക്രാഷ്‌കാര്‍ഡും നീക്കം ചെയ്‌ത നിലയിലാണ്. ഇത് അപകടകടത്തിന്‍റെ തീവ്രത കൂടാൻ ഇടയാക്കിയെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.