എറണാകുളം :മൂവാറ്റുപുഴയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പൊലീസും മോട്ടോർ വാഹന വകുപ്പും. ബൈക്ക് ഓടിച്ച എനനെല്ലൂർ കിഴക്കെമുട്ടത്ത് ആൻസൺ റോയ്‌യെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌താൽ ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആൻസൺ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.
ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇയാൾക്കെതിരെ നേരെത്തെയും നിരവധി ക്രിമിനൽ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തിരുന്നു. ആൻസൺ സ്ഥിരമായി അമിത വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നയാളാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മോട്ടോർ വാഹന വകുപ്പും ആൻസൺ റോയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ബൈക്കിൽ തകരാറില്ല, അമിതവേഗം തന്നെ കാരണം : അപകടത്തിനിടയാക്കിയ ബൈക്ക് ഉദ്യോഗസ്ഥർ പരിശോധിച്ചു. എന്നാൽ ബൈക്കിന് അപകടത്തിനിടയാക്കുന്ന കാര്യമായ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. അമിത വേഗം തന്നെയാണ് അപകടത്തിലേക്ക് നയിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് ആൻസൺ റോയ്‌യുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. അപകടത്തിനിടയാക്കിയ ബൈക്കിന്‍റെ ആർസിയും മോട്ടോർ വാഹനവകുപ്പ് റദ്ദാക്കും. മൂവാറ്റുപുഴ നിർമ്മല കോളജിലെ ആര്‍ നമിത(20) ബുധനാഴ്‌ച വൈകുന്നേരമായിരുന്നു കോളജിൽ നിന്നും മടങ്ങവെ ബൈക്ക് ഇടിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി അനുശ്രീ രാജി(20) പരിക്കുകളോടെ നിർമ്മല മെഡിക്കൽ സെന്‍ററിൽ ചികിത്സയിൽ തുടരുകയാണ്.
അപകടം ഇങ്ങനെ : എനനെല്ലൂർ കിഴക്കെമുട്ടത്ത് ആൻസൺ റോയ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് വിദ്യർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്. ബുധനാഴ്‌ച വൈകുന്നേരം തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ കോളജ് കവാടത്തിന് മുന്നിലായിരുന്നു അപകടം. കോളജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ റോഡ് മുറിച്ച് കടക്കവെ മൂവാറ്റുപുഴ ഭാഗത്തുനിന്നും അമിത വേഗതയിൽ വരികയായിരുന്ന ബൈക്ക് ഇവരെ ഇടിച്ചുതെറിപ്പികയായിരുന്നു.
അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. റോഡിൽ തെറിച്ചു വീണ വിദ്യാർഥിനികളെ സഹപാഠികൾ ഉടൻ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ബസിന് അടിയിലേക്ക് തെറിച്ചുവീണ ആൻസണെയും ഓടിക്കൂടിയ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിന് മുൻപ് പലവട്ടം ഇയാൾ ബൈക്ക് അമിത വേഗത്തിൽ റോഡിലൂടെ തലങ്ങും വിലങ്ങും ഓടിച്ചിരുന്നതായാണ് നാട്ടുകാർ വെളിപ്പെടുത്തിയത്. അതേസമയം ആൻസണെ വ്യാഴാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ നിർമ്മല കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ സഹപാഠിയെ ഇടിച്ചു തെറിപ്പിച്ച പ്രതിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്.
Also Read :അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കോളജ് വിദ്യാർഥിനി മരിച്ച സംഭവം : പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം
പിന്നീട് പൊലീസെത്തി സുരക്ഷയൊരുക്കിയാണ് ഇയാളെ ഇവിടെ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അതേസമയം നമിതയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം നിർമ്മല കോളജിൽ പൊതു ദർശനത്തിന് വക്കുകയും തുടർന്ന് വാളകത്തെ സ്വന്തം വീട്ടിലെത്തിച്ച് മാതാപിതാക്കളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം വ്യാഴാഴ്‌ച വൈകുന്നേരം നാലുമണിയോടെ മൂവാറ്റുപുഴ നഗരസഭ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.