എറണാകുളം:ബി.ജെ.പിയുടെ നയങ്ങൾക്ക് കോൺഗ്രസിന് ബദലാകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്‍റെ ജയ്പൂർ റാലിയിൽ രാഹുൽ ഗാന്ധി തന്നെ ഇത് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൃദു ഹിന്ദുത്വ നിലപാടാണ് തങ്ങളുടേതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു.
കോൺഗ്രസിനെ പണ്ടു നയിച്ച പലരും ഇന്ന് ബി.ജെ.പി നേതാക്കളാണ്. കോൺഗ്രസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായിരിക്കുകയാണ്. ദേശീയ തലത്തിൽ മതനിരപേക്ഷ കാഴ്ചപാടുള്ള പാർട്ടികളെ യോജിപ്പിച്ചു നിർത്തുകയെന്ന ഉത്തരവാദിത്വമാണ് ഇടതുപക്ഷത്തിനുള്ളതെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാന പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സിൽവർ ലൈൻ പദ്ധതി എതിർക്കുന്നത് ഇതുകൊണ്ടാണ്.
കേന്ദ്ര തീരുമാനങ്ങളെ യു.ഡി.എഫ് പിന്തുണക്കുന്നു
തെറ്റായ പ്രചാരവേലകൾക്കൊപ്പം യു.ഡി.എഫും 'ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ച് നിൽക്കുന്നു. കേന്ദ്രത്തിന്‍റെ പല പദ്ധതികളും കേരളത്തിന് ലഭിക്കുന്നില്ല. റെയിൽവെ പദ്ധതികൾ ഇതിന് ഉദാഹരണമാണ്. ഇതിനെതിരെ യോജിച്ച പോരാട്ടത്തിന് പ്രതിപക്ഷം ഒരുക്കമല്ല. ഫലത്തിൽ കേന്ദ്ര തീരുമാനങ്ങളെ യു.ഡി.എഫ് പിന്തുണക്കുകയാണ്. നവമാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾ മാത്രം ശ്രദ്ധിച്ചാൽ വർഗീയ വികാരം ഉണ്ടാക്കുന്ന പോസ്റ്റുകളാണ് സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളും പ്രചരിപ്പിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും.