എറണാകുളം:ഹൈദരാബാദിൽ മൃഗ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന കേസിലെ പ്രതികൾ നാലുപേരും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ജസ്റ്റിസ് കെമാൽ പാഷ. സംഭവം നിയമവാഴ്‌ചയുടെ പരാജയമാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന നീതി പൊലീസ് നടപ്പാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.
സ്‌ത്രീകൾക്കെതിരെയുള്ള ഇത്തരം സംഭവത്തിൽ പെട്ടെന്നുള്ള ഒരു നീതി ലഭിക്കണമെന്ന് ജനങ്ങളാകെ ആഗ്രഹിക്കുന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ദാരുണമായി കത്തിച്ചു. ഇത് നീതിന്യായ വ്യവസ്ഥയിൽ തന്നെ വധശിക്ഷതന്നെ നൽകാവുന്ന കുറ്റമാണ്. എന്നാൽ നീതി ലഭിക്കേണ്ട കാലതാമസം മൂലം ജനങ്ങൾക്ക് നീതിന്യായവ്യവസ്ഥയിൽ ഉണ്ടായിരിക്കേണ്ട വിശ്വാസം നഷ്‌ടപ്പെടുകയാണ്. ഇതിൽ മാറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി.
ഏറ്റുമുട്ടല്‍ കൊലപാതകം; നിയമവാഴ്‌ചയുടെ പരാജയമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ഇത്തരം സംഭവങ്ങളിൽ നീതി എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു കഴിവ് നമ്മുടെ ക്രിമിനൽ ജസ്റ്റിസ് ഡിസ്പെൻസറി സിസ്റ്റത്തിന് വേണം. എന്നാൽ ഇപ്പോൾ അത് ഉണ്ടാകുന്നില്ല. ഇത് പരിഹരിച്ചാൽ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടില്ല. ഇപ്പോൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന ഈ നടപടികളിൽ ജനങ്ങൾ ആഹ്ളാദിക്കുന്നു. അതിൽ തെറ്റുപറയാൻ പറ്റില്ല ഇല്ല.
ജനങ്ങൾക്ക് അവരുടെ പ്രതികാരം അടങ്ങി എന്നുള്ളതാണ്. പക്ഷേ പ്രതികൾക്ക് നിയമപരമായ ശിക്ഷ നൽകാമായിരുന്നു. നമ്മുടെ നിയമം ഒരുപാട് ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇങ്ങനെയുള്ള അവസ്ഥകൾ മാറണം. ജനങ്ങൾക്ക് നിയമവ്യവസ്ഥയിൽ വിശ്വാസം ഇല്ലാതെ വന്നാൽ അവർ തെരുവിലിറങ്ങും. ഇത് നമ്മുടെ നിയമവ്യവസ്ഥയ്ക്കും പരിഷ്‌കൃത സമൂഹത്തിനും ഒട്ടും ചേർന്നതല്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.