എറണാകുളം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി വിവാദത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിഷയത്തിൽ മന്ത്രിമാർ കൈ കഴുകി മാറി നിൽക്കുമ്പോൾ അതിന് പിറകിലെന്താണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രി കാണിക്കുന്നത് കുറ്റസമ്മതമാണെന്നും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ ഓഫിസ് എടുത്തതാണ് ഈ ദുരൂഹത നിറഞ്ഞ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മരംമുറിക്കാൻ അനുമതി നൽകിയതിന് പിന്നിൽ ദുരൂഹത, മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വി.ഡി സതീശൻ ഈ തീരുമാനത്തിന് പിന്നിലെന്താണെന്ന് വ്യക്തമല്ല. കേരളത്തിലെ ജനങ്ങൾക്ക് അത് അറിയാൻ താൽപര്യമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്‍റെ കേസ് ദുർബലപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
142 അടിയായി ജലനിരപ്പ് ഉയർത്തണമെന്നായിരുന്നു സുപ്രീം കോടതിയിൽ തമിഴ്‌നാട് വാദിച്ചത്. അവരുടെ ആ വാദം കോടതി അംഗീകരിച്ച് കൊടുത്തു. ബേബി ഡാം ശക്തിപ്പെടുത്തി വീണ്ടും 152 അടിയായി ജലനിരപ്പ് ഉയർത്തണമെന്നാണ് ഇപ്പോഴത്തെ തമിഴ്‌നാടിന്‍റെ ആവശ്യം. ബേബി ഡാം ശക്തിപ്പെടുത്തുകയെന്നത് തമിഴ്‌നാടിന്‍റെ വലിയ ലക്ഷ്യമാണെന്നും അതിനുള്ള സൗകര്യം ചെയ്‌ത് കൊടുക്കുന്നത് ജലനിരപ്പ് ഉയർത്താനുള്ള തമിഴ്‌നാടിന്‍റെ ആവശ്യത്തെ സഹായിക്കലാണെന്നും വി.ഡി സതീശൻ ചൂണ്ടികാണിച്ചു.
ഇതോടെ പുതിയ ഡാം വേണമെന്ന കേരളത്തിന്‍റെ ആവശ്യം തന്നെ ദുർബലപ്പെടുകയാണ്. പുതിയ ഡാം പണിത് കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയൊരുക്കുകയും തമിഴ്‌നാടിന് ജലം ലഭ്യമാക്കുകയും ചെയ്യുകയെന്നതായിരുന്നു കേരളം ഇതുവരെ സ്വീകരിച്ചു വന്ന നിലപാട്. കേരളം ഏകകണ്‌ഠമായി സ്വീകരിച്ചു വന്ന ഈ നിലപാടിനെതിരായി ഒരു ഗൂഢാലോചനയുടെ ഭാഗമായെടുത്ത തീരുമാനമാണ് ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read: Mullaperiyar dispute: മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി 22ലേക്ക് മാറ്റി