കൊച്ചി: മുളന്തുരുത്തി മാർത്തോമ പളളി ഏറ്റെടുത്ത് എറണാകുളം ജില്ല ഭരണകൂടം. പ്രതിഷേധക്കാരായ വിശ്വാസികളെ പൊലീസിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്‌ത് നീക്കിയാണ് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയത്. 17നകം പള്ളി ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. പൊലീസിനെ തടഞ്ഞ നിരവധി യാക്കോബായ ബിഷപ്പുമാരും വിശ്വാസികളും വൈദികരും സംഭവത്തിൽ അറസ്റ്റിലായി. പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ ജില്ല ഭരണകൂടത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് നടപടിയിലേക്ക് കടന്നത്. പള്ളി ഏറ്റെടുത്തത് അനീതിയാണന്ന് സഭാവാക്താവ് കുര്യാക്കോസ് മാർ തിയോഫിലോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു.
സംഘർഷ ഭൂമിയായി മുളന്തുരുത്തി; മാർത്തോമ പളളി ഏറ്റെടുത്തു - മുളന്തുരുത്തി പളളി ഏറ്റെടുക്കൽ
പള്ളിയുടെ ഗെയ്റ്റ് പൊളിച്ച് അകത്തുകടന്ന പ്രതിഷേധിച്ചക്കാരെ പൊലീസ് അറസ്റ്റ് ചെ്‌ത് നീക്കി. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തത്.

ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധിക്കെതിരെ ദിവസങ്ങളായി യാക്കോബായ വിഭാഗം മുളന്തുരുത്തി പള്ളിയിൽ പ്രതിഷേധം നടത്തുകയായിരുന്നു. പൊലീസ് നടപടി പ്രതീക്ഷിച്ച് ഞായറാഴ്‌ച രാത്രി മുതൽ തന്നെ സ്ത്രീകൾ ഉൾപ്പടെ ഒട്ടേറെ വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടി. ഇവരെ മുഴുവനും ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചാണ് പള്ളി ഏറ്റെടുത്തത്.
സബ് കലക്‌ടർ സ്നേഹിൽ കുമാറിന്‍റെ നേതൃത്വത്തിൽ ജില്ല ഭരണകൂടം ഹൈക്കോടതി വിധി നടപ്പിലാക്കി. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പിപിഇ കിറ്റ് ധരിച്ചാണ് പൊലീസ് നടപടിക്രമങ്ങൾക്കായി എത്തിയത്.