എറണാകുളം:ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി ടി. എന്‍ പ്രതാപന്‍ എംപി, ഹൈബി ഈഡൻ എംപി എന്നിവർ നല്‍കിയ അപേക്ഷയില്‍ പത്തു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഇതേ തുടർന്ന് എംപിമാരുടെ ഹര്‍ജി സിംഗിള്‍ ബെഞ്ച് പത്തു ദിവസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി വച്ചു.
കൊവിഡ് സാഹചര്യത്തില്‍ യാത്ര മാറ്റിവെക്കണമെന്നാണ് നിര്‍ദേശിച്ചതെന്നും നിരവധി അപേക്ഷകള്‍ ദ്വീപ് സന്ദര്‍ശനത്തിനായി ലഭിക്കുന്നുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം വിശദീകരിച്ചു. എം.പിമാരുടെ അപേക്ഷ നിയമപരമായി പരിഗണിച്ചു പത്തു ദിവസത്തിനകം തീരുമാനം എടുക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റി വച്ചത്.
എംപിമാരായ ഹൈബി ഈഡനും ടി എൻ പ്രതാപനും നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ നിലപാട് തേടിയിരുന്നു. കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് ലക്ഷദ്വീപിൽ ഒരാഴ്‌ച ക്വാറന്‍റൈനിൽ കഴിയാൻ തയാറാണെന്ന് എംപിമാർ കോടതിയെ അറിയിച്ചിരുന്നു.
READ MORE:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി ; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ
അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കൊവിഡ് നിയന്ത്രണം ലംഘിച്ചു വലിയ ഒരു സംഘം ദ്വീപിലേക്ക് പോകുന്നതായും എംപിമാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ ഗൗരവമായെടുത്ത ഹൈക്കോടതി രണ്ടു തരം നിലപാട് ശരിയല്ലെന്ന് ദ്വീപ് ഭരണകൂടത്തെ ഓർമ്മപ്പെടുത്തിയിരുന്നു. നിസാര കാരണങ്ങൾ കാണിച്ചു പാർലമെന്‍റ് അംഗങ്ങൾക്കു അനുമതി നിഷേധിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
ലക്ഷദ്വീപിലെ പ്രതിഷേധം
ലക്ഷദ്വീപ് ജനതയുടെ തനത് ജീവിത രീതികള ഇല്ലാതാക്കാൻ ശ്രമിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ നടപടിക്കെതിരെ ലക്ഷദ്വീപ് പ്രതിഷേധം ശക്തമായിരുന്നു. കാവി അജണ്ടയും കോർപ്പറേറ്റ് താത്‌പര്യങ്ങളുമാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിക്ക് പിന്നിലെന്ന് ആരോപിച്ച് കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. അഡ്‌മിനിസ്‌ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ നടപടിക്കെതിരെ പ്രതികരിച്ച ചലചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കേസിൽ വ്യാഴാഴ്‌ച ഐഷ സുൽത്താനയെ മൂന്നാം തവണയും ചോദ്യം ചെയ്‌ത് വിട്ടയച്ചു.
READ MORE:രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു