എറണാകുളം:ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. ദ്വീപ് സന്ദർശനത്തിനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനഃപരിശോധിക്കeനും കോടതി നിർദേശിച്ചു. ചട്ടങ്ങൾ ലംഘിച്ചാണ് അപേക്ഷകൾ നിരസിച്ചതെന്ന് കോടതി വിലയിരുത്തി.
അപേക്ഷകരുടെ ഭാഗം കേൾക്കാത്ത നടപടി നിയമവിരുദ്ധമാണ്. ഉത്തരവ് ഒരു മാസത്തിനകം പുനഃപരിശോധിക്കണം. എം.പി.മാരെ നേരിട്ടോ ഓൺ ലൈനിലോ കേട്ട ശേഷം മാത്രമേ അപേക്ഷകളിൽ തീരുമാനമെടുക്കാവൂ എന്നും കോടതി നിർദേശിച്ചു. ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവരുടെ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. ദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിന്‍റെ നടപടി ചോദ്യം ചെയ്തായിരുന്നു എം.പിമാരുടെ ഹർജി.
കോവിഡ് സാഹചര്യം ചൂണ്ടികാണിച്ചായിരുന്നു ദ്വീപ് ഭരണകൂടം സന്ദർശനാനുമതി നിഷേധിച്ചത്. കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് ലക്ഷദ്വീപിൽ ഒരാഴ്‌ച ക്വാറന്‍റൈനിൽ കഴിയാൻ തയാറാണെന്ന് എംപിമാർ കോടതിയെ അറിയിച്ചിരുന്നു.