എറണാകുളം:വിദ്യാർഥിനി സ്‌കൂള്‍ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവർക്കും സ്‌കൂൾ അധികൃതർക്കും വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്‌ച കണ്ടെത്തിയത്. ഇതേ തുടർന്ന് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്‍റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്‌തു.
വാഹനത്തിന്‍റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷ ഗ്ലാസ് ഷീൽഡ് നഷ്‌ടമായതായി പരിശോധനയിൽ കണ്ടെത്തി. സ്‌കൂളിന്‍റെ കീഴിലുള്ള ആറ് ബസുകളിലും സമാന തകരാർ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ സുരക്ഷ ഗ്ലാസ് ഷീൽഡ് ഘടിപ്പിച്ച ശേഷം മാത്രമെ സർവിസ് നടത്താൻ അനുമതി നൽകുകയുള്ളൂ.