എറണാകുളം :പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതി മോൻസണ്‍ മാവുങ്കല്‍ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായി മൊഴി. മോൻസണിനെതിരായ പോക്സോ കേസിലെ ഇരയാണ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. അതേസമയം, പോക്സോ കേസില്‍ ഇയാളുടെ ജീവനക്കാരും പ്രതികളാകുമെന്നാണ് വിവരം.
മോന്‍സന്‍റെ സഹായികളും തന്നെ പീഡിപ്പിച്ചതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കലൂരിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മോന്‍സന്‍റെ കലൂരിലെ മ്യൂസിയത്തിനടുത്തുള്ള കേന്ദ്രത്തില്‍വച്ചും മറ്റൊരു വാടകവീട്ടിലുമാണ് പീഡനത്തിന് ഇരയായത്.
ALSO READ:'പൊലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വിശ്വാസമില്ല'; ഇന്ന് മുതൽ നിരാഹാരമിരിക്കാന്‍ അനുപമ
മോന്‍സന്‍റെ ഉന്നതബന്ധം ഭയന്നാണ് ഇതുവരെ പുറത്തുപറയാതിരുന്നത്. എന്നാലിപ്പോള്‍ മോൻസൻ ജയിലിലായ സാഹചര്യത്തിലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും പെണ്‍കുട്ടി പറയുന്നു. 2019ലാണ് തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മകളെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് മോന്‍സണ്‍ കലൂരിലെ വീട്ടില്‍ താമസിപ്പിച്ചത്.
അവിടെവച്ച് നിരവധി തവണ പീഡനത്തിരയാക്കുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തു. ക്രൈംബ്രാഞ്ച് വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എ.സി.ജെ.എം കോടതിയുടെ അനുമതിയോടെ ഈ കേസിൽ മോൻസന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.