എറണാകുളം: എറണാകുളത്തെ തീരദേശമേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു. കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കൊവിഡ് രൂക്ഷമായ ഇവിടെ നിന്നും ആന്‍റിജൻ പരിശോധന നടത്തിയാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.
കടലാക്രമണം; ചെല്ലാനത്ത് കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി കൊവിഡ് സ്ഥിരീകരിക്കുന്നവരെ കുമ്പളങ്ങി എഫ്എൽസിടികളിലേക്കാണ് മാറ്റുന്നത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ ആവശ്യപെട്ടതിനെ തുടർന്ന് നാവിക സേനയും ചെല്ലാനത്ത് എത്തിയിട്ടുണ്ട്. എൻഡിആർഎഫിന്‍റെ ഇരുപത്തിയെട്ട് പേരടങ്ങുന്ന സംഘം ഇന്നലെ ചെല്ലാനത്ത് എത്തിയിരുന്നു.
കൂടുതൽ വായനക്ക്:കനത്ത മഴ: ചെല്ലാനത്ത് കടലാക്രമണം രൂക്ഷം
എറണാകുളം ജില്ലയിൽ ആരംഭിച്ച പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ പതിമൂന്ന് എണ്ണവും ചെല്ലാനം മേഖലയിലാണുള്ളത്. ഇവിടുത്തെ 81 കുടുംബങ്ങളിലെ 382 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി അമ്പത് ശതമാനത്തിന് മുകളിലുള്ള ചെല്ലാനത്ത് കടലാക്രമണം സൃഷ്ടിച്ച സാഹചര്യം കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് അധികൃതരും ജനങ്ങളും ആശങ്കപ്പെടുന്നത്.
കൂടുതൽ വായനക്ക്:ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്തിന്‍റെ മധ്യ-വടക്കന്‍ മേഖലകളില്‍ കനത്ത മഴ
അതേസമയം കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാന്‍റും പരിസരവും വെള്ളത്തിൽ മുങ്ങി. പേരന്‍റൂർ, മുല്ലശ്ശേരി കനാൽ കരകളിലും വെള്ളം കയറി. ഇവിടെയുള്ള പിആന്‍റ്ടി കോളനിയിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. എന്നാൽ കൊച്ചി നഗരത്തിൽ സാധാരണ വലിയ വെള്ളക്കെട്ട് ഉണ്ടാകാറുളള പലയിടങ്ങളിലും ഇത്തവണ വെള്ളക്കെട്ട് ഉണ്ടായില്ല. ഹൈക്കോടതി നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്നാണ് ഇവിടെ വെള്ളക്കെട്ടിന് പരിഹാരമുണ്ടായത്.