കൊച്ചി :എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്‌സ് ജീവനക്കാര്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. ഇന്നലെ അറസ്റ്റിലായ 164 പേര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ അക്രമത്തില്‍ പങ്കെടുത്തതായി തെളിഞ്ഞു. ഇവരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം.
അതേസമയം അറസ്റ്റിലായ 164 പേരെയും കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരില്‍ ചിലരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
പൊലീസ് അറസ്റ്റ് ചെയ്തവരിൽ 151 പേർ നിരപരാധികളാണെന്നാണ് കിറ്റെക്‌സ് മാനേജ്മെന്‍റിന്‍റ നിലപാട്. ഇവർക്ക് നിയമ സഹായം നൽകുന്നതിൽ കിറ്റെക്‌സ് ഇന്ന് തീരുമാനമെടുക്കും. സംഘർഷത്തില്‍ കൂടുതൽ ദൃശ്യങ്ങളും കിറ്റെക്‌സ് പുറത്തുവിട്ടിട്ടുണ്ട്.
സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ വധിക്കാനായിരുന്നു ആക്രമണം നടത്തിയവർ ശ്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോർട്ടിലുള്ളത്. ആക്രമണത്തിൽ 12 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.