എറണാകുളം: ആലുവയിൽ നിയമ വിദ്യാർഥി മൊഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തിൽ നിന്നും ആരോപണ വിധേയനായ സി ഐ സുധീറിനെ പൊലീസ് മനഃപൂർവം ഒഴിവാക്കിയെന്ന് പിതാവ് ദിൽഷാദ്. സി.ഐയുടെ മുറിയിലെ ക്യാമറ പരിശോധിച്ചാൽ തന്നെ സുധീറിന്‍റെ പങ്ക് വ്യക്തമാകും. മകളുടെ ആത്മഹത്യ കുറിപ്പിലും സി.ഐക്കെതിരെ കേസെടുക്കണമെന്നുണ്ടെന്നും ദില്‍ഷാദ് പറഞ്ഞു.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അദ്ദേഹം വിദേശത്ത് നിന്ന് തിരിച്ചെത്തിയാൽ നേരിൽ കാണും. സി.ഐ സുധീറിനെയും, ഒന്നാം പ്രതി സുഹൈലിന്‍റെ സഹോദരങ്ങളായ സൈദിനെയും അനസിനെയും ഒഴിവാക്കിയതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം മികച്ചതായിരുന്നു. തെളിവില്ലന്ന് പറഞ്ഞ് സി.ഐ. സുധീറിനെ ഒഴിവാക്കുകയായിരുന്നു. മൊഫിയയോട് മോശമായി സി.ഐ പെരുമാറിയത് മറ്റു പോലീസുകാർ കണ്ടിരുന്നു. അവർ സി.ഐക്കെതിരെ മൊഴി കൊടുക്കാൻ തയ്യാറാകില്ല.
കഴിഞ്ഞ ദിവസം വകുപ്പ് തല അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയിരുന്നു. എന്നാൽ നടപടി എത്രത്തോളം ഉണ്ടാകുമെന്നതില്‍ സംശയമുണ്ടെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു.